കോന്നിയുടെ തലയെടുപ്പിന് 80 ആണ്ട്: നൂറോളം ആനകളാണ് ഇവിടെനിന്ന് ചട്ടംപഠിച്ച് പുറത്തിറങ്ങിയത്
text_fieldsകോന്നി: കരിവീരന്മാരെ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് 80 വയസ്സ് പിന്നിടുന്നു. കോന്നി റേഞ്ച് ഓഫിസിനോട് ചേർന്ന് 1942ലാണ് കോന്നി ആനക്കൂട് സ്ഥിരസംവിധാനത്തിൽ നിർമിച്ചത്. ഒരേസമയം ആറ് ആനകളെ നാട്ടാന പരിശീലനം കൊടുക്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810ൽ ആനപിടിത്തം തുടങ്ങി 1977ൽ ആനപിടിത്തം നിർത്തലാക്കുംവരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ ചട്ടം പഠിച്ച് പുറത്തിറങ്ങി.
താപ്പാനകളായ അയ്യപ്പൻ, സോമൻ, രഞ്ജി, മോഹൻദാസ് എന്നിവരടക്കം നിരവധി കരിവീരൻമാർ ഇവിടെ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്. തൃക്കടവൂർ ശിവരാജു, മംഗലാംകുന്ന് ഗണപതി, കിരങ്ങാട്ട് കേശവൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മലയാലപ്പുഴ രാജൻ, കീഴുട്ട് വിശ്വനാഥൻ എന്നീ തലയെടുപ്പുള്ള ആനകളെല്ലാം കോന്നിയിൽ ചട്ടംപഠിച്ച് പുറത്തിറങ്ങിയവരാണ്.
100ഓളം ആനകളാണ് 80 വർഷത്തിനിടെ ഇവിടെനിന്ന് ചട്ടംപഠിച്ച് പുറത്തിറങ്ങിയത്. ചട്ടങ്ങൾ പഠിച്ച് പുറത്തിറങ്ങുന്ന ആനകളെ വനംവകുപ്പ് ലേലം ചെയ്ത് വിൽക്കുകയായിരുന്നു പതിവ്. ഇതിൽ അവേശേഷിക്കുന്നത് സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും. ആനപിടിത്തം നിരോധിച്ചശേഷം പഴയ വാരിക്കുഴികളിൽ വീഴുന്ന കാട്ടാനകളെയും കൂട്ടം ഉപേക്ഷിക്കുന്ന കുട്ടിയാനകളെയും കോന്നിയിൽ എത്തിച്ച് ഇന്നും സംരക്ഷിക്കുന്നുണ്ട്.
പഴയകാലത്ത് കോന്നിയെ കൂടാതെ പെരുനാട്, പെരുന്തേനരുവി എന്നിവടങ്ങളിലും ആനക്കൂട് ഉണ്ടായിരുന്നു. തണ്ണിത്തോട് മുണ്ടോംമൂഴിയിലും 1875 മുതൽ 91 വരെ താൽക്കാലിക ആനക്കൂട് ഉണ്ടായിരുന്നു.
പെരുനാട്ടിലെ ആനക്കൂട് 1922 ലും മഞ്ഞക്കടമ്പ്, പെരുന്തേനരുവി എന്നിവടങ്ങളിലേത് 1942ലും പൊളിച്ചുമാറ്റിയ ശേഷമാണ് കോന്നിയിൽ സ്ഥിര സംവിധാനത്തിൽ ആനക്കൂട് നിർമിച്ചത്. ഒരിക്കലും നശിച്ചുപോകാത്ത കമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് കൂട് നിർമിച്ചിരിക്കുന്നത്.
12.65 മീറ്റർ നീളവും 8.60 മീറ്റർ വീതിയും ഏഴുമീറ്റർ ഉയരത്തിലുമാണ് ആനക്കൂടിന്റെ നിർമാണം. തൂണുകൾ തുളച്ച് എഴികൾ കയറ്റുന്ന രീതിയിൽ നിർമിച്ചിരിക്കുന്നതിനാൽ ആനകളെ ഒന്നിൽനിന്ന് മറ്റ് കൂടുകളിലേക്ക് മാറ്റാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.