വിദ്യാർഥി സമരം ഫലം കണ്ടു; കോന്നി സി.എഫ്.ആർ.ഡി കോളജ് പൂർണസജ്ജമാക്കും
text_fieldsകോന്നി: ഒരാഴ്ചയായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോന്നി പെരിഞ്ഞൊട്ടക്കൽ സി.എഫ്.ആർ.ഡി കോളജിൽ നടന്നുവന്ന വിദ്യാർഥി സമരം അവസാനിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ നിർദേശത്തിൽ സി.എം.ഡി പി.ബി. നൂഹ് സന്ദർശനം നടത്തുകയും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് സമരം അവസാനിച്ചത്.
തിങ്കളാഴ്ചയാണ് വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി സമരം ആരംഭിച്ചത്. കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതായിരുന്നു പ്രധാന ആവശ്യം. ഒരാഴ്ച നീണ്ട സമരത്തിനുശേഷം വിദ്യാർഥി പ്രതിനിധികളും സി.എഫ്.ആർ. ഡി പ്രതിനിധികളും ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലുമായി ചർച്ച നടത്തുകയും തുടർന്ന് ഇവിടെ എത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകാൻ സി.എം.ഡി പി.ബി. നൂഹിനെ ചുമതലപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കോളജിൽ എത്തി. ആറുമാസത്തിനുള്ളിൽ കോളജിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് എം.ഡി പി.ബി. നൂഹ് പറഞ്ഞു.
ഫർണിച്ചർ, കമ്പ്യൂട്ടർ, കുടിവെള്ളം, പ്രൊജക്ടർ തുടങ്ങിയവ ഒരു മാസത്തിനുള്ളിൽ നടപ്പാക്കും. 1.20 കോടി അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താൻ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടി പൂർത്തിയായി വരുന്നു. പഴയ കെട്ടിടം കാടുകയറി കിടക്കുന്നതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ക്ലാസുകൾ എം.ബി.എ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലാബിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടി സ്വീകരിച്ചെന്നും പി.ബി. നൂഹ് അറിയിച്ചു. സി .എഫ്.ആർ.ഡി പ്രിൻസിപ്പൽ ഡോ. ഹരീഷ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.