കോന്നി കരിയാട്ടം;വനാശ്രിതർ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsകോന്നി: വനാശ്രിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കരിയാട്ടം ടൂറിസം എക്സ്പോയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വനാശ്രിത സമൂഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതിക്കും പുരോഗതിക്കുമായി സർക്കാർ തലത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വനാശ്രിതർക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.
അവർക്ക് സ്വന്തമായി സുരക്ഷിതമായ വീട് നിർമിച്ചുനൽകണം, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം, ആരോഗ്യം, ഗതാഗതം മറ്റ് അടിസ്ഥാന സൗകര്യ വികസനം ഇവയെല്ലാം സാധ്യമാക്കേണ്ടതുണ്ട്. വനം വനാശ്രിതരുടേതാണ്. അവരെ അവിടെനിന്ന് ഇറക്കിവിടാൻ കഴിയില്ല. വന വിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തിയാണ് അവർ ഉപജീവനം നടത്തുന്നത്. കാടുമായി ഇഴുകിജീവിക്കുന്ന വനാശ്രിതർക്ക് അവിടെ തന്നെ മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കിനൽകുകയാണ് ലക്ഷ്യം.
വനാശ്രിത മേഖയിലെ കുട്ടികളുടെ പഠന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇവർക്ക് താമസിച്ച് പഠിക്കാനുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ വരെ പ്രവർത്തിക്കുന്നുണ്ട്. ഇവർ ഉന്നത വിദ്യാഭ്യാസം നേടി സിവിൽ സർവിസ് ഉൾപ്പെടെ വിവിധ മേഖലകളിൽ എത്തണമെന്നാണ് ആഗ്രഹമെന്നും വനാശ്രിതരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വനാശ്രിത വിഭാഗത്തിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ ശ്രീലക്ഷിയെയും ഊര് മൂപ്പന്മാരെയും നാട്ടുവൈദ്യന്മാരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കലാപരിപാടിയും ഓണസദ്യയും നടത്തി. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് അധ്യക്ഷതവഹിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, അഡ്വ. ആർ.ബി. രാജീവ് കുമാർ, എ.എസ്. സുധീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.