കോന്നി കരിയാട്ടം; കുട്ടവഞ്ചി തുഴച്ചിൽ മത്സരം 19ന്
text_fieldsകോന്നി: കേരളത്തിലാദ്യമായി കുട്ടവഞ്ചികളുടെ മത്സരത്തിന് അടവി ഒരുങ്ങുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്കാണ് നടക്കുക. കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായാണ് മത്സരം.
കാനന മദ്ധ്യത്തിലൂടെ ഒഴുകുന്ന കല്ലാറിൽ തണ്ണിത്തോട് പഞ്ചായത്തിലെ അടവിയിലാണ് കുട്ടവഞ്ചി സവാരി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 26 കുട്ടവഞ്ചികളാണ് നിലവിൽ സഞ്ചാരികൾക്ക് സവാരിക്കായി ഉപയോഗിക്കുന്നത്. അത്രയും തന്നെ തുഴച്ചിൽ കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽ വള്ളംകളി നടക്കാറുണ്ടെങ്കിലും കുട്ടവഞ്ചി തുഴച്ചിൽ മത്സരം സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. കണ്ണിനും, മനസ്സിനും കുളിരണിയിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കുട്ടവഞ്ചി യാത്രകൾക്ക് നേതൃത്വം നൽകുന്ന തുഴച്ചിലുകാർ മൽസരാർഥികളാകുന്നു എന്നതും പുത്തൻ അനുഭവമായി മാറും.
അലങ്കരിച്ച കുട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയായിരിക്കും ആദ്യം നടക്കുക. തുടർന്ന് ടീമുകളായി തിരിക്കുന്ന കുട്ടവഞ്ചികളുടെ മത്സരം ആരംഭിക്കും. ഒന്നും, രണ്ടും, മൂന്നും ബാച്ചുകളിലായി നടക്കുന്ന മത്സരത്തിലൂടെ ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. പുഗഴേന്തി മുഖ്യാതിഥി ആയിരിക്കും. ജനപ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
മത്സര സംഘാടനവുമായി ബന്ധപ്പെട്ട് കുട്ടവഞ്ചി കേന്ദ്രത്തിൽ തുഴച്ചിൽ കാരുടെയും, ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. ജില്ല പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.