കോന്നി മെഡിക്കൽ കോളജ് റോഡ്; ടെൻഡർ നടപടി പൂർത്തീകരിച്ചു; നിർമാണം ഉടൻ ആരംഭിക്കും
text_fieldsകോന്നി: കോന്നി മെഡിക്കൽ കോളജ് റോഡ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കും.14 കോടി രൂപയാണ് നിർമാണ പ്രവൃത്തിക്കായി അനുവദിച്ചത്.
12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ബി.എം ബി.സി സാങ്കേതികവിദ്യയിൽ നിലവിലുള്ള അഞ്ച് മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് നിർമിക്കുക.കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്ററിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമിക്കും.
നിർമാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകളും നിർമിക്കും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും പ്രവൃത്തിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകളും നിർമിക്കും. റോഡ് നിർമാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷ പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജ് റോഡ് നിർമാണത്തിനായി 225 വസ്തു ഉടമകളിൽനിന്ന് 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ റോഡിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
മെഡിക്കൽ കോളജ് റോഡ് നിർമിക്കുന്നതിനൊപ്പം കോന്നി വെട്ടൂർ അതുമ്പുംകുളം റോഡ് അഞ്ചുകോടി മുടക്കി ആധുനിക നിലവാരത്തിൽ നിർമിക്കാനുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. റോഡുകളുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ കോന്നി മെഡിക്കൽ കോളജിലേക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.