പരിമിതിയിൽ വീർപ്പുമുട്ടി കോന്നി മെഡിക്കൽ കോളജ്
text_fieldsകോന്നി: പരിമിതികളിൽ വീർപ്പുമുട്ടി കോന്നി മെഡിക്കൽ കോളജ്. അത്യാഹിത വിഭാഗങ്ങളിൽപോലും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളജിലേക്കും റഫർ ചെയ്യുന്നത് നിത്യസംഭവമാണെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ പരാതിപ്പെടുന്നു. പ്രവർത്തനം ആരംഭിച്ച് മൂന്നുവർഷം പിന്നിടുമ്പോഴും കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവുമെല്ലാം സൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് പ്രവർത്തിക്കുന്നത്.
മലയോര മേഖലക്ക് ആശ്വാസമാകുമെന്ന് കരുതിയിരുന്ന ആശുപത്രിയാണ് ഇങ്ങനെ വീർപ്പുമുട്ടുന്നത്. പനിയുമായി ചെല്ലുന്നവർക്കുപോലും ആവിപിടിക്കുന്ന സൗകര്യം മാത്രമാണ് ഇപ്പോഴുമുള്ളത്. മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഇല്ല. ഹോസ്റ്റൽ സൗകര്യം ഇല്ലാത്തത് വിദ്യാർഥികളെ വലക്കുന്നുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടിവെള്ളം ലഭ്യമായിട്ട് ആഴ്ചകൾ കഴിഞ്ഞു. രണ്ട് ഫിൽറ്ററുകളും തകരാറിലാണ്. ഇത് നന്നാക്കുന്ന കമ്പനിക്ക് മെഡിക്കൽ കോളജ് അധികൃതർ പണം നൽകാത്തതാണ് കാരണം. ഓക്സിജൻ പ്ലാന്റ് അടക്കം ഒട്ടേറെ മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. സി.ടി സ്കാൻ സ്ഥാപിച്ച് ട്രയൽ റൺ നടത്തി. എന്നാൽ, റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാകുന്നില്ല. ഓപറേഷൻ തിയറ്ററും ഐ.സി.യുവും പ്രവർത്തിക്കുന്നില്ല.
അതിനാൽ, അപകടത്തിൽപെട്ട് എത്തിക്കുന്നവരെ പരിചരിക്കാനും കഴിയുന്നില്ല. സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. ലക്ഷങ്ങൾ മുടക്കി എത്തിച്ച യന്ത്രങ്ങൾ പലതും പ്രവർത്തിപ്പിക്കാൻ സൗകര്യം ഒരുക്കാത്തതിനാൽ നശിക്കുന്ന അവസ്ഥയാണ്. അതേസമയം, മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഹോസ്റ്റലുകളുടെയും ക്വാർട്ടേഴ്സുകളുടെയും പണികൾ പുരോഗമിക്കുന്നുണ്ട്. ഹോസ്റ്റൽ പൂർത്തിയായെങ്കിൽ മാത്രമേ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടുകയുള്ളൂ. സംസ്ഥാനത്തെ 33ാമത് സർക്കാർ മെഡിക്കൽ കോളജാണ് കോന്നിയിലേത്.
2012 മാർച്ച് 24നാണ് മെഡിക്കൽ കോളജ് ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. മെഡിക്കൽ കോളജിൽ ഒ.പി ആരംഭിച്ചതിന് ശേഷം ഒരുമാസം കഴിഞ്ഞാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 24.01 കോടി രൂപ അനുവദിച്ചത്. 13644 സ്ക്വയർ മീറ്ററിൽ ഏഴ് നിലകളിലായാണ് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ ഘട്ടം ഘട്ടമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും നിയമനങ്ങൾ നടത്തുകയും കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവും ആരംഭിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും ആശുപത്രി പൂർണസജ്ജമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.