കോടനാട് നീലകണ്ഠൻ ഇനി കോന്നി ആനത്താവളത്തിന് സ്വന്തം
text_fieldsകോന്നി: 'കോടനാട് നീലകണ്ഠൻ' ഇനി കോന്നി ആനത്താവളത്തിന് സ്വന്തം. കോടനാട് നീലകണ്ഠൻ എന്ന കുങ്കിയാനയെ വനംവകുപ്പ് അധികൃതർ പാലക്കാട് ബേസ് ക്യാമ്പിൽ നിന്നും ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് കോന്നി ആനത്താവളത്തിൽ എത്തിച്ചത്. നീലകണ്ഠൻ എത്തുന്നതറിഞ്ഞ് ആനപ്രേമികളും നാട്ടുകാരും പുലർച്ച തന്നെ ആനത്താവളത്തിൽ എത്തിയിരുന്നു.
ഗംഭീര വരവേൽപ്പാണ് നീലകണഠ്ന് ഒരുക്കിയത്. വാഹനത്തിൽനിന്ന് ഇറക്കിയശേഷം രാവിലെ പത്തോടെ നീലകണ്ഠനെ കെ.യു. ജനീഷ്കുമാർ എം.എൽ.എ, വനംവകുപ്പ് അധികൃതർ തുടങ്ങിയവർ ഹാരം അണിയിച്ച് വാഴപ്പഴം നൽകി സ്വീകരിച്ചശേഷം ആനത്താവളത്തിലേക്ക് ആനയിച്ചു.
1996 ൽ മലയാറ്റൂർ വനത്തിൽനിന്നും രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നീലകണ്ഠനെ വനംവകുപ്പിന് ലഭിച്ചത്.
കോടനാട് തന്നെയാണ് നീലകണ്ഠൻ വളർന്നത്. ഒന്നാം പാപ്പാൻ മഹേഷ്, രണ്ടാം പാപ്പാൻ ബിജു തുടങ്ങിയവർ നീലകണ്ഠനൊപ്പം ഉണ്ടായിരുന്നു. പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിച്ചശേഷമാണ് കോന്നിയിലേക്ക് നീലകണ്ഠൻ യാത്രതിരിച്ചത്.
കോന്നി സുരേന്ദ്രനും മുത്തങ്ങ സൂര്യയും കോടനാട് നീലകണ്ഠനുമാണ് വനം വകുപ്പിെൻറ കുങ്കി പരിശീലനം ലഭിച്ച ആനകൾ.
കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ശ്യാം മോഹൻലാൽ ഐ.എഫ്.എസ്, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സലിൽ ജോസ്, കോന്നിയൂർ പി.കെ., അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോബി ടി. ഈശോ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒരു സമയത്ത് കോന്നി ആനത്താവളത്തിൽ നിരവധി ആനകൾ അസുഖങ്ങൾ മൂലം െചരിഞ്ഞിരുന്നു. ആനകളുടെ എണ്ണം കുറഞ്ഞതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിരുന്നു.
ഞായറാഴ്ച നീലകണ്ഠനെ കാണാൻ ആനപ്രേമികളുടെ വലിയ തിരക്കായിരുന്നു.
കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയം കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കോന്നി ഇക്കോ ടൂറിസം വീണ്ടും സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.