കോന്നി താലൂക്ക് വികസന സമിതി യോഗം; നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കണം
text_fieldsകോന്നി: ട്രാഫിക് റെഗുലേറ്ററി യോഗം ചേർന്നിട്ടും നഗരത്തിലെ ഗതാഗത പരിഷ്കരണം നടപ്പായില്ലെന്ന് കോന്നി താലൂക്ക് വികസന സമിതി യോഗം. നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾ കൂടുകയാണ്.
ഇത് ഗതാഗതക്കുരുക്ക് വർധിപ്പിച്ചിട്ടുണ്ട്. കോന്നി പഞ്ചായത്ത് ഓഫിസിൽ നടന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇത് അടിയന്തരമായി നടപ്പാക്കിയെങ്കിൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നും യോഗം അഭിപ്രായപ്പെട്ടു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോന്നിയിൽ നിരവധി പരാതിയാണ് കെ.എസ്.ടി.പിക്ക് എതിരെ ഉയരുന്നത്. ഓട നിർമാണം അടക്കമുള്ള വിഷയങ്ങളിൽ കെ.എസ്.ടി.പി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കോന്നി കൊല്ലൻപടി ഭാഗത്ത് ഓടയിൽ വീണ് നിരവധി ആളുകളാണ് പരിക്കേറ്റിട്ടുള്ളത്. എന്നിട്ടും സ്ലാബ് സ്ഥാപിക്കാൻ കെ.എസ്.ടി.പി അധികൃതർ തയാറായിട്ടില്ല. കോന്നി പേരൂർകുളം സ്കൂൾ നിർമാണം അടിയന്തരമായി പൂർത്തിയാക്കണം. കോന്നി കരിയാട്ടം നടത്തിപ്പുമായി ബന്ധപ്പെട്ട ഫണ്ടിൽ വ്യക്തത ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതിയിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.