കോന്നിയിലെ അവശേഷിക്കുന്ന സിനിമ കൊട്ടകയും അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsകോന്നി: മലയോര മേഖലയിലെ അവശേഷിക്കുന്ന സിനിമ കൊട്ടകയും അടച്ചുപൂട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പഴയ ശാന്തി തിയറ്റർ രൂപവും ഭാവവും മാറ്റി കാലത്തിനിണങ്ങുന്ന ആധുനിക തിയറ്ററായി മാറുകയായിരുന്നു.
കോന്നിയിലെ സിനിമ പ്രേമികൾക്ക് ആസ്വാദകർക്ക് പ്രിയപ്പെട്ട തിയറ്ററുകളായിരുന്നു കോന്നിയിലെ സുരേഷ് ടാക്കീസ്, പി.സി തിയറ്റർ, ശാന്തി തിയറ്റർ എന്നിവ. കാലം മാറിയപ്പോൾ അതിനനുസരിച്ച് പിടിച്ചുനിൽകാൻ കഴിയാതായതോടെ ആദ്യം സുരേഷ് ടാക്കീസും പിന്നീട് പി.സി തിയറ്ററും അടച്ചുപൂട്ടി. 50 വർഷത്തിലധികം പഴക്കമുള്ള ശാന്തി ഒന്ന് കളംമാറി ചവിട്ടി രാവിലെ കല്യാണ ഓഡിറ്റോറിയവും ഉച്ചകഴിഞ്ഞ് സിനിമ കൊട്ടകയുമായി മാറി.
അങ്ങനെ ഓടിയെങ്കിലും പിടിച്ചുനിൽകാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് യുവാക്കളായ പ്രിൻസ് കെ.ഉമ്മനും സഹോദരൻ ജിൻസ് കെ.ഉമ്മനും അരുൺ കുമാറും ചേർന്ന് 2018ൽ ശാന്തി തിയറ്റർ ഏറ്റെടുത്ത് 2019ൽ ഓണസമയത്ത് ഇട്ടിമാണിയുടെ പ്രദർശനത്തോടെ എസ്.എസ് സിനിമ എന്ന പേരിൽ ആധുനിക തിയറ്ററായി തുടക്കംകുറിച്ചത്. ഏകദേശം ഒന്നരക്കോടി രൂപയോളം ചെലവഴിച്ചാണ് ആധുനിക സംവിധാനത്തിലുള്ള എസ്.എസ് സിനിമ ആരംഭിച്ചത്.
തുടക്കം ഗംഭീരമായിരുന്നെങ്കിലും കോവിഡ് മഹാവ്യാപനം സിനിമ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ എസ്.എസ് സിനിമ കൊട്ടകയെയും കാര്യമായി ബാധിച്ചു. രണ്ടുവർഷത്തിനുള്ളിൽ ആകെ കളിച്ചത് 10 സിനിമകൾ മാത്രം. ഒരോ ദിവസം കഴിയുംതോറും ബാധ്യതയുടെ വ്യാപ്തി വർധിക്കുകയാണ്.
കോവിഡ് പ്രതിസന്ധി ഒഴിയാതിരുന്നാൽ കോന്നിയുടെ സിനിമ പാരമ്പര്യം നിലനിർത്തി ഈ കൊട്ടകക്കും പൂട്ടുവീഴും. അത് മലയോര മേഖലയിലെ സിനിമ ആസ്വാദകർക്ക് തീരാനഷ്ടമായിരിക്കും. എങ്കിലും സിനിമയോടുള്ള ആവേശം കൊണ്ടാണ് മൂവർ സംഘം ഇത്രയും അധികം വെല്ലുവിളികൾ ഏറ്റെടുത്ത് ഇത്രയും കാലം മുന്നോട്ടുപോയത്. മഹാമാരി ഒഴിഞ്ഞാൽ വീണ്ടും സിനിമ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിൽ സർക്കാറിെൻറ കനിവുകാത്ത് കഴിയുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.