കോന്നി സോമൻ ഗിന്നസ് റെക്കോഡിലേക്ക്
text_fieldsകോന്നി: കോന്നി കാടുകളിലെ വാരിക്കുഴികളിൽ വീഴുന്ന കാട്ടാനകളെ ചട്ടം പഠിപ്പിച്ച് നല്ല നാട്ടാനയാക്കിയിരുന്ന താപ്പാനകളുടെ ഗുരുനാഥൻ കോന്നി സോമൻ ഗിന്നസ് റെക്കോഡിലേക്ക്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാന എന്ന റെക്കോഡാണ് 82 വയസ്സുള്ള സോമനെ തേടിയെത്തുന്നത്.
കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുമുള്ള സോമന് 80 വയസ്സ് കഴിഞ്ഞതോടെയാണ് വനം വകുപ്പ് ഗിന്നസ് പട്ടം നേടാനുള്ള ഒരുക്കം തുടങ്ങിയത്. അൽപം കാഴ്ചക്കുറവുണ്ടെങ്കിലും പൂർണ ആരോഗ്യവാനാണ്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 82 വയസ്സുള്ള ദാക്ഷായണിയായിരുന്നു പ്രായം കൂടിയ ആനയെങ്കിലും അടുത്തിടെ ചരിഞ്ഞു. ഇതോടെയാണ് സോമന്റെ ഊഴമെത്തിയത്. നടപടികളുമായി മുന്നോട്ടുപോകാൻ വനം വകുപ്പ് കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടി. അനുമതി ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.
കൊലകൊമ്പനെ പോലും നിഷ്പ്രയാസം ചട്ടം പഠിപ്പിച്ച ആനയാണ് സോമൻ. ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കുള്ളിൽ അനുസരിപ്പിക്കാൻ അസാമാന്യ വഴക്കവും കരുത്തുമാണ് സോമന്. 1942ൽ റാന്നി വനം ഡിവിഷനിലെ കൊപ്രമല ഭാഗത്തുനിന്നാണ് ആനയെ വനം വകുപ്പിന് ലഭിച്ചത്. കോന്നി ആനത്താവളത്തിലെത്തിച്ച് പരിശീലിപ്പിച്ച് മികച്ച താപ്പാനയാക്കി.
കോന്നി ആനത്താവളമായിരുന്നു സോമന്റെ പ്രധാന തട്ടകം. 1977ൽ ആനപിടിത്തം നിർത്തുന്നതുവരെ കാട്ടാനകളെ കോന്നിയിലെത്തിച്ച് ചട്ടം പഠിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സോമൻ. പിന്നീട് വനം വകുപ്പിന്റെ കോന്നി, ആര്യങ്കാവ് കൂപ്പുകളിൽ ജോലി ചെയ്തുവരികയായിരുന്നു.
65ാം വയസ്സിൽ ഔദ്യോഗിക ജീവിതം അസാനിപ്പിച്ച് ‘പെൻഷൻ’ പറ്റി. തുടർന്ന് വിശ്രമ ജീവിതത്തിനായി സോമനെ വനം വകുപ്പ് കോട്ടൂർ ആനത്താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അസാധാരണ വളർച്ച എത്തിയപ്പോൾ സോമന്റെ കൊമ്പുകൾ രണ്ട് വട്ടം മുറിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും മൂന്നര മീറ്റർ നീളമുണ്ട്. സാധാരണ ആനകൾ തീറ്റ നിൽക്കുന്ന സ്ഥലത്ത് നിന്ന് തിന്നുമ്പോൾ തീറ്റ തുമ്പിക്കൈയ്യിൽ കൊണ്ടുപോകുമ്പോൾ തന്നെ തിന്നുന്ന അപൂർവം ആനകളിൽ ഒന്നാണ് സോമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.