ഒാക്സിജനില്ലാതെ പദ്ധതികൾ; രോഗശയ്യയിൽ കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രം
text_fieldsകോന്നി: 75 വർഷം പഴക്കമുള്ള കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രം ഇന്നും ‘രോഗശയ്യയിൽ’. കലഞ്ഞൂർ പഞ്ചായത്തിലെ 20 വാർഡുകളിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഇവിടെ വലിയ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതക്ക് അരികിലെ ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ സാധ്യമായാൽ ശബരിമല തീർഥാടനകാലത്തും പ്രയോജനം ചെയ്യും. 16 വർഷം മുമ്പ് കിടത്തിച്ചികിത്സ ഉദ്ഘാടനം ചെയ്തെങ്കിലും ഒരു രോഗിയെപോലും ചികിത്സിക്കാൻ സാധിച്ചില്ല.
മുപ്പതോളം കിടക്കയും ഇതിനായി അനുവദിച്ചു. സ്ഥലപരിമിതിയുടെ പേരിൽ ഇതും ഇല്ലാതെയായി. ഇതിനിടയിൽ അമ്മയും കുഞ്ഞും ആശുപത്രിക്കായി കൂടലിനെ പരിഗണിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് പോയി. കോടികൾ മുടക്കി പുതിയ ബഹുനില മന്ദിരത്തിന് തുടക്കമിട്ടു. ഫണ്ടിന്റെ അപര്യാപ്തതമൂലം വയറിങ്, പ്ലംബിങ് ജോലികൾ, കതകുകൾ സ്ഥാപിക്കൽ ഉൾപ്പെടെ അനവധി ജോലികൾ തീരാനുണ്ട്. അതേസമയം, മറ്റൊരു കെട്ടിടത്തിന് ആറുകോടി രൂപ അനുവദിച്ചതായി പറയുന്നുണ്ട്. എന്നാൽ, പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് മണ്ണ് പരിശോധന നടത്തിയെങ്കിലും മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദിവസവും തോട്ടം മേഖലകളിൽനിന്ന് അടക്കം നിരവധി ആളുകളാണ് ആശുപത്രിയിൽ എത്തുന്നത്. ഒ.പിയും ഫാർമസിയും ചികിത്സയും അടക്കം പരിമിതമായ ചെറിയ കെട്ടിടത്തിലാണ് നടക്കുന്നത്. നിന്നുതിരിയാൻ പോലും ഇടമില്ലാത്ത ഇവിടെ വീർപ്പുമുട്ടിയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. മൂന്ന് ഡോക്ടർമാരുടെ തസ്തിക ഉണ്ടെങ്കിലും രണ്ടുപേർ മാത്രമാണു ഉള്ളത്. ഫർമസിസ്റ്റിന്റെ ഒരു പോസ്റ്റുകൂടി വേണം എന്ന ആവശ്യവുമുണ്ട്.
കോടികൾ മുടക്കി നിർമിച്ച മുകൾനില കാടുകയറുന്നു
കോന്നി: കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോടികൾ മുടക്കി നിർമിച്ച മുകൾനിലയും കാടുകയറുന്നു. കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 25 ലക്ഷം ഉൾപ്പെടെ ഒരു കോടിയോളം രൂപ വിനിയോഗിച്ചാണ് മുകൾനില നിർമിച്ചത്. എന്നാൽ, കെട്ടിടത്തിന്റെ നിർമാണം എങ്ങും എത്തിയില്ല. തേപ്പ് കഴിഞ്ഞ് വെള്ളപൂശി ടൈൽ സ്ഥാപിക്കുന്ന ജോലികൾ വരെ എത്തിയപ്പോഴാണ് നിർമാണം നിലച്ചത്. എന്നാൽ, ശിലാഫലകത്തിൽ 2021 ഡിസംബർ 22ന് നിർമാണം പൂർത്തീകരിച്ചതായും കാണിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ചുറ്റുപാടും കാടുവളർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.