പാടാണ് സർ, ഇങ്ങനെ 'പാഠം പടിപ്പിക്കൽ'
text_fieldsകോന്നി: സർക്കാർ സ്കൂളും അല്ല എയ്ഡഡ് സ്കൂളും അല്ല, രണ്ടിൽ ഏതെന്ന് ചോദിച്ചാൽ ആർക്കും അറിയുകയുമില്ല, ഇതാണ് കുമ്മണ്ണൂർ ജെ.വി.ബി എൽ.പി സ്കൂളിെൻറ ഇപ്പോഴത്തെ അവസ്ഥ. സ്കൂൾ നാഥനില്ല കളരി ആയതോടെ ഇവിടെ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാംവാർഡായ മാവനാലിൽ 1952ൽ നാട്ടുകാരുടെ വകയാണ് സ്കൂൾ ആരംഭിച്ചത്.
ജീവിതേശ്വര ബാപ്പുജി വിലാസം ലോവർ പ്രൈമറി സ്കൂൾ (ജെ.വി.ബി എൽ.പി.എസ്) എന്ന് പേരിട്ട സ്കൂളിെൻറ നടത്തിപ്പ് ചുമതല പ്രദേശത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്കായിരുന്നു. മൂന്ന് വർഷങ്ങൾ കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടന്നിരുന്നു.1980-84 വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാതെ വരികയും 1984 മുതൽ സ്കൂളിന്റെ ഭരണച്ചുമതല കലക്ടർക്ക് കൈമാറുകയും ചെയ്തു. 2004ൽ സ്കൂളും 30സെന്റ് സ്ഥലവും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു. തുടർന്ന് കുമ്മണ്ണൂർ ഗവ. എൽ.പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവ് ഇറക്കുകയും ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയിൽ കലക്ടർ സ്കൂൾ മാനേജരായി പ്രവർത്തിച്ചു.
നിലവിൽ സർക്കാർ സ്കൂൾ എന്ന പേര് നിലവിലുണ്ടെങ്കിലും അക്കൗണ്ട് ഹെഡ് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറാത്തതിനാൽ അധ്യാപകർക്കുള്ള ശമ്പളം അടക്കം വിദ്യാഭ്യാസ വകുപ്പിൽനിന്ന് സ്കൂളിന് ലഭിക്കേണ്ടതായ ആനുകൂല്യം ഒന്നും ലഭ്യമാകാനില്ല. പ്രധാനാധ്യാപകനുമില്ല. അമ്പത്തിരണ്ട് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ആകെയുള്ളത് രണ്ട് അധ്യാപകർ മാത്രം. ഉച്ചഭക്ഷണത്തിനുള്ള പണവും വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭ്യമാകുന്നില്ല. രണ്ട് അധ്യാപകർ മാത്രമുള്ള സ്കൂളിൽ ഇവർക്ക് ലഭിക്കുന്ന ശമ്പളം ഉപയോഗിച്ചാണ് കുട്ടികളുടെ ഉച്ചഭക്ഷണം ഒരുക്കുന്നത്. എയ്ഡഡ് പദവിയിലുള്ള സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് സർക്കാർ പദവിയിലേക്ക് മാറ്റണം. ഇതിന് ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് പി.ടി.എ ഭാരവാഹികളടക്കം നിരവധി തവണ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങിയതല്ലാതെ ഒരു ഫലവും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.