ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആക്ഷേപം; കോന്നി മയൂർ ഏലായിൽ വ്യാപകമായി നിലം നികത്തുന്നു
text_fieldsകോന്നി: കോന്നി മയൂർ ഏലായിൽ വ്യാപകമായി നിലം നികത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിലം നികത്തുന്നത് എന്നാണ് ആക്ഷേപം. ക്വാറി വേസ്റ്റും മണ്ണും കെട്ടിടാവശിഷ്ടങ്ങളുമാണ് നികത്താൻ ഉപയോഗിക്കുന്നത്. മയൂർ ഏലായുടെ ഭാഗമായിരുന്ന ഇവിടം ഇപ്പോൾ തരം മാറ്റി ഉത്തരവ് ഇറക്കിയിട്ടുണ്ട്. 45 സെന്റ് സ്ഥലമാണ് ഉദ്യോഗസ്ഥ ഒത്താശയോടെ നികത്തി പുരയിടമാക്കി മാറ്റിയിരിക്കുന്നത്. നികത്താൻ ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ ഈ കഴിഞ്ഞ ദിവസമാണ് വ്യാപകമായി നികത്തൽ ആരംഭിച്ചത്. ഈ വിഷയം സംബന്ധിച്ച് വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് എതിരെ ജനപ്രതിനിധികൾ അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണിപ്പോൾ. നിലം നികത്തുന്നതിനോട് ചേർന്നുള്ള ഭാഗത്ത് മാരൂർപാലം തോട്, ചന്തയുടെ ഭാഗത്തുനിന്നും വരുന്ന തോട്, മാങ്കുളം ഭാഗത്തുനിന്നും വരുന്ന മഴവെള്ളം എന്നിവയെല്ലാം വെള്ളാട്ട് തോട്ടിൽ കൂടിയാണ് അച്ചൻകോവിൽ നദിയിൽ എത്തുന്നത്. ഇവിടെ നിലംനികത്തിയാൽ തോട്ടിൽ കൂടിയുള്ള നീരൊഴുക്ക് നിലക്കുന്ന സ്ഥിതിയാണ്. കൂടാതെ പൊന്തനാംകുഴി കുരിയാട്ട് ഭാഗത്തുനിന്നുള്ള മഴവെള്ളം കോന്നി വലിയപള്ളിയുടെ ഭാഗത്ത് എത്തി അവിടെ നിന്ന് ചെറിയതോടുവഴി വെള്ളാട്ട് തോട്ടിലേക്ക് എത്തിച്ചേരുന്നു. ഈ നീരൊഴുക്കുകൾ എല്ലാം മണ്ണിട്ട് നിലം നികത്തുന്നതോടെ അടയുകയും ചെയ്യും. വരും ദിവസങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളാട്ട് തോട്ടിൽ കൂടി നീരൊഴുക്ക് നിലച്ച് കോന്നി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.