തദ്ദേശ തെരഞ്ഞെടുപ്പ്: വനിത സ്ഥാനാർഥികൾക്കായി നെട്ടോട്ടം
text_fieldsകോന്നി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ രാഷ്ട്രീയ പാർട്ടികൾ വനിത സ്ഥാനാർഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ. ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിൽ ഇടതു രാഷ്ട്രീയ പാർട്ടികൾ താഴേത്തലങ്ങളിൽ വനിതകളെ ഇറക്കി പാർട്ടി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനാൽ ഇവർക്കു ഒരു പരിധിവരെ വനിത സ്ഥാനാർഥികളെ കണ്ടെത്തുന്നതിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. എന്നാൽ, യു.ഡി.എഫിനാണ് കൂടുതൽ തലവേദന. ഭൂരിപക്ഷം വാർഡുകളിലും വനിത പ്രവർത്തകർ ഇല്ലാത്തതിനാൽ മറ്റ് വാർഡുകളിൽനിന്ന് കണ്ടെത്തേണ്ടി വരുന്നു. ഇപ്പോൾ തന്നെ സ്ഥാനാർഥി മോഹികളായി നിരവധി വനിതകൾ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
എന്നാൽ, ആരെയും പിണക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് നേതാക്കൾ പറയുന്നു. ഇത്തവണ കോന്നി ബ്ലോക്ക് പഞ്ചായത്ത് കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളിലെ ഭൂരിപക്ഷ വാർഡുകളിലും വനിതകൾക്കാണ് മേൽക്കൈ. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിൽ ഏഴെണ്ണത്തിലും വനിത സംവരണ വാർഡുകളാണ്. മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി, വള്ളിക്കോട്, പ്രമാടം, ഇളകൊള്ളൂർ തുടങ്ങിയവയാണ് നിലവിലെ ബ്ലോക്ക് വനിത സംവരണ വാർഡുകൾ.
ഇളകൊള്ളൂരിൽ രണ്ടാം തവണയും വനിത സംവരണ വാർഡാണ് വന്നിരിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തിൽ 13 വാർഡ് ഉള്ളതിൽ ഏെഴണ്ണം വനിത സംവരണ വാർഡുകളാണ്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ഒമ്പത്, 13 തുടങ്ങിയവയാണ് വനിത സംവരണ വാർഡുകൾ. പ്രമാടം പഞ്ചായത്തിൽ 19ൽ 10 വനിത സംവരണ വാർഡും എട്ട് ജനറൽ വാർഡും ഒരു എസ്.സി പുരുഷ വാർഡുമാണുള്ളത്. മൂന്നാം വാർഡായ പുലിമുക്കാണ് വീണ്ടും വനിത വാർഡായി വന്നത്. അരുവാപ്പുലം പഞ്ചായത്തിൽ 15 വാർഡ് ഉള്ളതിൽ ഒന്നാം വാർഡ് മുളകുകൊടിത്തോട്ടം, രണ്ടാം വാർഡ് കുമ്മണ്ണൂര്, അഞ്ചാം വാർഡ് കല്ലേലിത്തോട്ടം, ആറാം വാർഡ് കല്ലേലി, ഒമ്പതാം വാർഡ് മ്ലാന്തടം എസ്.സി വനിത എന്നീ വാർഡുകളാണ് വനിത സംവരണത്തിൽ ഉള്ളത്. അതിരുങ്കൽ ഉൾപ്പെടുന്ന എട്ടാം വാർഡ് ജനറലും മുതുപേഴുങ്കൽ ഉൾപ്പെടുന്ന ഏഴാം വാർഡ് എസ്.സി ജനറലും പടപ്പാക്കൽ പത്താം വാർഡ് ജനറലും ഊട്ടുപാറ 11ാം വാർഡ് വനിതയും പുളിഞ്ഞാണിൽ 12ാം വാർഡ് വനിതയും 13, 14, 15 വാർഡുകൾ ജനറൽ സീറ്റായുമാണ് വന്നിരിക്കുന്നത്.
തണ്ണിത്തോട് പഞ്ചായത്തിൽ 13 വാർഡിൽ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ഒമ്പത്, 11, 13 വാർഡുകൾ വനിതയും നാല്, ആറ്, എട്ട്, 10, 12 ജനറൽ വാർഡുകളും ഏഴാം വാർഡ് എസ്.സി വാർഡുമാണ്. തെരഞ്ഞെടുപ്പ് ചൂട് അടുക്കുന്നതോട് സ്ഥാനാർഥികളെ കണ്ടെത്താനുള്ള തിരക്കിലാണ് രാഷ്ട്രീയ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.