ആനകൾക്കും കന്നുകാലികൾക്കും അന്നംമുടക്കാതെ മണ്ണീറ തീറ്റപ്പുൽകൃഷി കേന്ദ്രം
text_fieldsകോന്നി: കോവിഡ് വ്യാപനത്തെതുടർന്ന് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും കോന്നി ആനത്താവളത്തിലേക്കും മറ്റിതര കന്നുകാലി ഫാമുകളിലേക്കുമുള്ള വനംവകുപ്പിെൻറ തീറ്റപ്പുൽ വിതരണം മുടങ്ങിയില്ല. വനം വകുപ്പ് മണ്ണീറയിൽ 13 ഹെക്ടർ ഭൂമിയിലാണ് തീറ്റപ്പുൽകൃഷി ചെയ്യുന്നത്.
മണ്ണീറ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള കാനനശ്രീ, വനജ്യോതി സ്വയംതൊഴിൽ സംഘങ്ങളാണ് മണ്ണീറയിൽ തീറ്റപ്പുൽകൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. 2013ലാണ് മണ്ണീറ തീറ്റപ്പുൽകൃഷി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാംഘട്ടം 2017ലും ആരംഭിച്ചു. വനജ്യോതി സ്വാശ്രയ സംഘത്തിൽ 16 അംഗങ്ങളും കാനനശ്രീയിൽ 17 അംഗങ്ങളും ജോലചെയ്യുന്നു. കോന്നി ആനത്താവളം, ഈരാറ്റുപേട്ട, പത്തനാപുരം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ആനകൾക്കായും ജില്ലയിൽ അകത്തും പുറത്തും ചെറുതും വലുതുമായ ഫാമുകളിലേക്കും പുല്ല് കയറ്റി അയക്കുന്നുണ്ട്.
പാകമായ പുല്ലുകൾ വെട്ടി കെട്ടുകളാക്കി തൂക്കിയാണ് അംഗങ്ങൾതന്നെ വാഹനങ്ങളിൽ കയറ്റി അയക്കുന്നത്. കിലോക്ക് നാലരരൂപ നിരക്കിലാണ് പുല്ല് വിൽക്കുന്നത്. കൃഷി ചെയ്യുന്ന പുല്ല് 45 ദിവസം പ്രായമാകുമ്പോൾ വിളവെടുക്കാം. ശരിയായ രീതിയിൽ വെള്ളവും വളവും ലഭിച്ചാൽ ഇത് തഴച്ചുവളരുകയും ചെയ്യും. രണ്ടുരൂപ നിരക്കിൽ നടീലിന് ആവശ്യമായ പുല്ലിെൻറ സ്റ്റമ്പുകളും ഇവിടെ വിൽക്കുന്നുണ്ട്. കിലോക്ക് ഒന്നര രൂപയാണ് അംഗങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം. രാവിലെ ഏഴിന് ആരംഭിക്കുന്ന ജോലികൾ വൈകീട്ട് അഞ്ചിനാണ് അവസാനിക്കുക. തീറ്റപ്പുല്ലിനോടൊപ്പം നെല്ലി, മാവ്, കരിമ്പ് തുടങ്ങിയവയും ഇവിടെ വളരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.