സഞ്ചാരികളെ കാത്ത് മണ്ണീറ വെള്ളച്ചാട്ടം
text_fieldsകോന്നി: കോവിഡ് രൂക്ഷമായത് വിനോദ സഞ്ചാര മേഖലയെയും സാരമായി ബാധിച്ചതോടെ മണ്ണീറ വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികൾ എത്താതെയായി. സഞ്ചാരികൾ എത്തിയില്ലെങ്കിലും വെള്ളച്ചാട്ടം നിറഞ്ഞൊഴുകുകയാണ്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗം ആളുകളും ഇവിടെനിന്ന് കുറച്ച് അകലെയായി സ്ഥിതി ചെയ്യുന്ന മണ്ണീറ വെള്ളച്ചാട്ടവും സന്ദർശിച്ചാണ് മടങ്ങിയിരുന്നത്.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അധികൃതരോ വിനോദ സഞ്ചാര വകുപ്പോ വെള്ളച്ചാട്ടത്തിെൻറ നിയന്ത്രണം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ടിക്കറ്റ് സംവിധാനവും നിലവിൽ ഇല്ല. മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകട രഹിതമാണ് ഇത് എന്നതിനാൽ കൊച്ച് കുട്ടികളുമായി വന്ന് പോലും ആളുകൾ ഇവിടം സന്ദർശിച്ച് മടങ്ങിയിരുന്നു.
എന്നാൽ, കോവിഡ് രൂക്ഷമായത് മൂലം അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചത് മണ്ണീറ വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവ് വരുത്തി. തണ്ണിത്തോട് മുണ്ടോംമൂഴിയിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് മണ്ണീറ വെള്ളച്ചാട്ടത്തിലേക്ക് ഉള്ളത്. ബന്ധപ്പെട്ട വകുപ്പുകൾ വെള്ളച്ചാട്ടം കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പാർക്കിങ് സംവിധാനം ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഇടംനേടി ചേരിക്കലും
പന്തളം: വിനോദസഞ്ചാര വകുപ്പിെൻറ ഗ്രാമീണ ടൂറിസം പദ്ധതിയിൽ പന്തളത്തെ മനോഹര സ്ഥലങ്ങളിലൊന്നായ ചേരിക്കലെന്ന കൊച്ചുഗ്രാമവും ഇടംനേടുന്നു. കരിങ്ങാലി പാടവും നീർച്ചാലുകളും പാടത്തിന് നടുവിലുള്ള തുരുത്തുകളും ദേശാടന പക്ഷികളുമെല്ലാം ചേരിക്കൽ ഗ്രാമത്തിെൻറ മനോഹാരിതക്ക്മാറ്റുകൂട്ടുന്നവയാണ്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ. സുബൈർകുട്ടിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ഇവിടുത്തെ സാധ്യതകൾ പരിശോധിച്ചു. സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കും. കരിങ്ങാലി പാടശേഖരത്തിലെ വാരുകൊല്ല ഭാഗത്ത് 3.25 ഏക്കർ സ്ഥലം ഇതിന് ഉപയോഗയോഗ്യമാണെന്ന് സംഘം വിലയിരുത്തിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണ് പന്തളത്തിെൻറ നെല്ലറയായ കരിങ്ങാലി. പാടത്തിെൻറ നടുവിലായി വലിയ ചാലും അച്ചൻകോവിലാറ്റിൽ എത്തിച്ചേരുന്ന വലിയതോടും അതിെൻറ 18 കൈവഴികളുമെല്ലാം കരിങ്ങാലിയെ കൂടുതൽ മനോഹരമാക്കുന്നതാണ്. പാടത്തിെൻറ നടുവിലായുള്ള കാക്കത്തുരുത്ത്, വലിയ തുരുത്ത് എന്നിവിടങ്ങളിലേക്ക് പാടത്തിനുനടുവിലൂടെ വഴിയുണ്ട്. ഈ പ്രദേശമെല്ലാം വിവിധതരം ദേശാടന പക്ഷികളുടെയും പാടത്ത് കതിര് നുള്ളാനെത്തുന്ന കുരുവികളുടെയും നീർ പക്ഷികളുടെയുമെല്ലാം കേന്ദ്രമാണ്. ജില്ലയിലെതന്നെ ദേശാടന പക്ഷികളെത്തുന്ന പ്രധാന സ്ഥലമാണ് ഇതെന്ന് പക്ഷി നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.
നാടൻ കലകളുടെയും കലാകാരന്മാരുടെയും സ്ഥലംകൂടിയാണ് ചേരിക്കൽ. കൃഷിയുമായി ബന്ധപ്പെട്ട വിവധതരം കലകളും പാട്ടുകളും പഴമക്കാർ പകർന്നുനൽകിയത് ഇപ്പോഴും പുതിയ തലമുറ കൈവിടാതെ സൂക്ഷിച്ചിട്ടുണ്ട്. ഹരിജനോദ്ധാരണത്തിെൻറ ഭാഗമായി ഗാന്ധിജി എത്തിയ സ്ഥലം എന്ന പ്രത്യേകതയും ചേരിക്കലിനുണ്ട്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്കൊപ്പം ടൂറിസം ഇൻഫർമേഷൻ ഓഫിസർ ടി. പവിത്രനും നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷും നഗരസഭ സൂപ്രണ്ട് ആർ. രേഖയും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.