കോന്നി മെഡിക്കൽ കോളജ് പരിസരത്ത് വൻ ഭൂമി കൈയേറ്റം
text_fieldsകോന്നി: റവന്യൂ-കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി മെഡിക്കൽ കോളജ് പരിസരത്ത് സ്വകാര്യ വ്യക്തികളുടെ വൻ ഭൂമി കൈയേറ്റം. മെഡിക്കൽ കോളജിലേക്ക് കടക്കുന്ന റോഡിെൻറ ഇരുവശത്തുമായി കൃഷി വകുപ്പിെൻറ കീഴിൽ പന്തളം കൃഷി ഫാമിെൻറ അധീനതയിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയേറിയിരിക്കുന്നത്. ഇത് ചില സർവിസ് സംഘടന നേതാക്കളുടെയും ചില റവന്യൂ-കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും അറിവോടെയും ഒത്താശയോടെയുമാണെന്നാണ് ആരോപണം.
വലിയ വാഹനങ്ങൾക്ക് വരെ കടന്നുപോകാവുന്ന വീതിയിലാണ് റോഡുകൾ നിർമിച്ചിരിക്കുന്നത്. റോഡ് വെട്ടിയ ഭൂമി എട്ട് മുതൽ 13 ലക്ഷം രൂപവരെ വിലയിൽ വിറ്റഴിക്കുന്നുമുണ്ട്. രേഖകളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചാണ് വിൽപന നടത്തുന്നതും. സർക്കാർ ഭൂമി കൈയേറുന്നത് ശിക്ഷാർഹമാണെന്ന് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലും ഭൂമി കൈയേറിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും സ്ഥാപിച്ച ബോർഡുകളും കാണാനില്ല. സർക്കാർ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ജണ്ട പൊളിച്ചുനീക്കുകയും അതോടൊപ്പം ഭൂമിയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സ്റ്റീൽ വേലി മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. 25 ഏക്കറോളം സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫെൻസിങ്ങും കൈയേറ്റക്കാർ പൊളിച്ചുനീക്കി.
ഇത് മറിച്ചു വിൽക്കുകയും ചെയ്തു. മാത്രമല്ല റോഡ് വെട്ടിയതിനുശേഷം അനധികൃതമായി ഇവിടെ നിന്ന് പാറ പൊട്ടിച്ച് മാറ്റിയിട്ടുമുണ്ട്. പന്തളം ഫാമിെൻറ മേൽനോട്ടത്തിലാണ് ഈ ഭൂമിയെങ്കിലും ഇത് സംരക്ഷിക്കുന്നതിനോ സ്ഥലം സന്ദർശിക്കുന്നതിനോ ബന്ധപ്പെട്ട അധികാരികൾ തയാറായിട്ടില്ല.
വലിയ തെങ്ങിൻതോട്ടം ഉൾപ്പെടെ ഈ ഭൂമിയിൽ നിലവിലുണ്ട്. ഐരവൺ വില്ലേജ് ഓഫിസറും ഉദ്യോഗസ്ഥരും ജില്ലയിലെയും കോന്നി ബ്ലോക്കിലെയും കൃഷി ഉദ്യോഗസ്ഥരും മെഡിക്കൽ കോളജ് പരിസരത്ത് പകൽവെട്ടത്തിൽ നടക്കുന്ന ഈ കൈയേറ്റത്തിന് ഫലത്തിൽ ഒത്താശ ചെയ്യുകയാണ്.
ഐരവൺ വില്ലേജിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥരാണ് ബിനാമികളായി ഭൂമി കച്ചവടം നടത്തുന്നത്. ഇതിൽ ചില സർക്കാർ സർവിസ് സംഘടന നേതാക്കൾക്ക് പങ്കുള്ളതായും പറയുന്നു. കോന്നി മെഡിക്കൽ കോളജ് റോഡിൽനിന്ന് കൃഷി വകുപ്പിെൻറ ഭൂമിയിലേക്ക് വെട്ടിയ തെങ്ങിൻ തുണ്ടിൽ റോഡിന് അധികൃതർ നിരോധന ഉത്തരവ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടയിൽ ഇതേ ഭാഗത്ത് കൈയേറി നിർമാണം നടത്തിയ കെട്ടിടത്തിലാണ് അടൂർ പ്രകാശ് എം.പി പങ്കെടുത്ത കോൺഗ്രസ് കുടുംബയോഗം നടന്നതും. സ്വകാര്യ വ്യക്തികൾ നിലവിൽ അവരുടെ ഭൂമിയിലേക്ക് റോഡ് ഉണ്ടെങ്കിലും സർക്കാർ ഭൂമി കൈയേറി വീടുകളിലേക്ക് റോഡ് നിർമിച്ചിരിക്കുന്നതും ഇവിടെ കാണാം.
വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തി കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ അറിയിച്ചു. പി.ആർ. ഗോപിനാഥൻ, മണ്ഡലം അസി. സെക്രട്ടറി കെ. രാജേഷ്, ജില്ല കൗൺസിൽ അംഗം എ. ദീപകുമാർ, ഐരവൺ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ബിനോയ് ജോൺ, സി.കെ. ശാമുവേൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.