മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് 24ന് നാടിന് സമർപ്പിക്കും
text_fieldsകോന്നി: ഗവ. മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്ക് 24ന് തിങ്കളാഴ്ച 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും കലക്ടർ ഡോ. ദിവ്യ എസ്. അയ്യരും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. നാലു നിലയിലായി 1,65,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ആശുപത്രി കെട്ടിടത്തിനു സമീപമായി തന്നെ എല്ലാ ആധുനിക സൗകര്യങ്ങൾ ഒരുക്കിയ അക്കാദമിക് ബ്ലോക്ക് മന്ദിരം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായകമാകും.
വിവിധ വകുപ്പുകൾ, ക്ലാസ് മുറികൾ, ഹാളുകൾ, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക് ബ്ലോക്കാണ് കോന്നിയിൽ പ്രവർത്തനസജ്ജമായത്. അനാട്ടമി, ഫിസിയോളജി, ഫാർമകോളജി, ബയോകെമിസ്ട്രി, പതോളജി വകുപ്പുകൾ ഇവിടെ പ്രവർത്തിക്കും. പ്രിൻസിപ്പലിന്റെ ഓഫിസും ഉണ്ടാകും. മൂന്ന് ലെക്ചർ ഹാളുകളിൽ രണ്ടെണ്ണത്തിൽ 150 കുട്ടികൾ വീതവും ഒന്നിൽ 200 കുട്ടികൾക്കും ഇരിക്കാൻ സൗകര്യമുണ്ടാകും.
രണ്ട് നിലയിലായി 15,000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ലൈബ്രറി പ്രവർത്തിക്കും. ഒമ്പത് സ്റ്റുഡന്റ് ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കും പരീക്ഷ നടത്തിപ്പിനുമായി 400 കുട്ടികൾക്കിരിക്കാവുന്ന ഹാളും സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 200 കിടക്കയുളള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള ക്വാർട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയം, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ആറുനിലയുള്ള വനിത ഹോസ്റ്റല്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മോര്‍ച്ചറി, ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള നിർമാണങ്ങളാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തുന്നത്. 200 കിടക്കയുള്ള പുതിയ ആശുപത്രി കെട്ടിടം കൂടി ഉയരുമ്പോള്‍ 500 കിടക്കയുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.