മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി
text_fieldsകോന്നി: ഗവ. മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്ന ഭാഗമായി നടത്തിയ അദാലത്ത് വിജയകരമായെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിലാണ് അദാലത് നടന്നത്. 90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അദാലത് നടത്തിയത്. 3.17 കോടിയാണ് വിലയായി നൽകുന്നത്. ആധാരത്തിന്റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്, കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ, ബാങ്ക് പാസ് ബുക്കിന്റെ ഒന്നാംപേജ് കോപ്പി, വസ്തുവിന്റെ പ്ലാൻ, ലൊക്കേഷൻ സ്കെച്ച്, പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ എന്നിവയായിരുന്നു വസ്തു ഉടമകൾ ഹാജരാക്കേണ്ടിയിരുന്നത്. രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യമുള്ളവർ വരും ദിവസങ്ങളിൽ കോന്നി പൊതുമരാമത്ത് ഓഫിസിൽ ഹാജരാക്കും. അദാലത്തിൽ രേഖകൾ ഹാജരാക്കിയവരുടെ പ്രമാണം ഉടൻ രജിസ്റ്റർ ചെയ്ത് പണം കൈമാറും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ പേരിലേക്കാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നത്. ട്രഷറി വഴി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. അദാലത്തിൽ നാല് കൗണ്ടറുകളാണ് പ്രവർത്തിച്ചത്. പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ബി.വിനു, അസി. എക്സി. എൻജിനീയർ എസ്.റസീന, അസി.എൻജിനീയർ എസ്. അഞ്ജു, ജൂനിയർ സൂപ്രണ്ട് സജു പി.മാത്യു, ക്ലാർക്കുമാരായ മനോജ് കുമാർ, ജോൺസൺ വി ഫിലിപ്, രതീഷ് കുമാർ, ഗോകുൽ, ഓവർസിയർമാരായ ലജി, സച്ചിൻ മോഹൻ, സുമാദേവി, ആയുഷ് അജയ് എന്നിവർ അദാലത്തിന് നേതൃത്വം നല്കി. അദാലത് നടത്തിയതോടെ മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന്റെ പ്രധാനഘട്ടം പിന്നിട്ടതായി എം.എൽ.എ പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്താൻ കൃത്യമായ ഇടപെടൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.