ഗുണനിലവാരമില്ല, കോന്നിയിൽ ഇറക്കാനാകാതെ 560 ടൺ റേഷനരി
text_fieldsകോന്നി: സപ്ലൈകോയുടെ വാതിൽപ്പടി വിതരണ കേന്ദ്രത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ എത്തിച്ച 560 ടൺ അരി ഇറക്കാതെ പിടിച്ചിട്ടു. പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽനിന്ന് എത്തിച്ച ആറ് ലോഡ് അരിയാണ് കോന്നിയിൽ ക്വാളിറ്റി കൺട്രോളർ അനുമതി നൽകാത്തതിനെ തുടർന്ന് ഇറക്കാൻ കഴിയാത്തത്.
കാലടി ജെ.ബി.എസ് ആഗ്രോ പ്രൊഡക്ട്സ്, മേരി മാതാ എന്നീ മില്ലുകളിൽനിന്ന് സപ്ലൈകോയുടെ മൂന്ന് ക്വാളിറ്റി കൺട്രോളർമാർ ഗുണനിലവാരം പരിശോധിച്ച ശേഷമാണ് ആറ് ലോഡ് അരി വാഹനങ്ങളിൽ കയറ്റിയത്. പരിശോധനക്ക് ശേഷം തൂക്കച്ചീട്ട് വാങ്ങിയ ശേഷമാണ് വാഹനങ്ങൾ പുറപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയ ലോഡ് വ്യാഴാഴ്ചയാണ് കോന്നിയിലെ ക്വാളിറ്റി കൺട്രോളർ ഭൂപതി പരിശോധിക്കുന്നത്. പരിശോധനയിൽ ഓരോ ചാക്കിലും ആറ് തരം അരിയുടെ വകഭേദങ്ങൾ കണ്ടെത്തി. ഇതിൽ റേഷൻ അരിയുടെ സാന്നിധ്യവും കൂടി കണ്ടെത്തിയതോടെയാണ് അരി ഇവിടെ ഇറക്കാൻ കഴിയില്ല എന്ന് ക്വാളിറ്റി കൺട്രോളർ റിപ്പോർട്ട് നൽകിയത്.
ഇതോടെ പ്രശ്നം സങ്കീർണമായി. ആറ് ലോഡുമായി എത്തിയ ഡ്രൈവർമാർ ഇതോടെ പ്രതിസന്ധിയിലായി. ഏകദേശം 117 കിലോമീറ്റർ ഓടി പെരുമ്പാവൂരിൽ നിന്ന് എത്തി ലോഡ് ഇറക്കി തിരികെ ചെല്ലുമ്പോൾ ഒരു ടണ്ണിന് 600 രൂപ വീതമാണ് വാടക ലഭിക്കുന്നതെന്നും ഈ വാടക ഉൾപ്പെടെ ഇപ്പോൾ നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് ഡ്രൈവർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.