സൗരോർജ്ജ വേലിയില്ല; കല്ലേലിയിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നു
text_fieldsകോന്നി: അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ വർധിച്ചുവരുന്ന കാട്ടാന ശല്യത്തിനെതിരെ നടപടി സ്വീകരിക്കാതെ അധികൃതർ. ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റ് അധികൃതർ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കാൻ തയ്യാറായിട്ടും ഇതിന് തടസ്സം നിൽക്കുകയാണ് വനം വകുപ്പ് അധികൃതർ. വനഭൂമിയിൽ എസ്റ്റേറ്റ് അധികൃതർക്ക് സൗരോർജ വേലി സ്ഥാപിക്കാൻ അനുമതി നൽകില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസമാണ് എസ്റ്റേറ്റ് തൊഴിലാളിയായ ആലീസിനെ ടാപ്പിങ് ജോലിക്കിടെ കാട്ടാന ഓടിച്ചത്.
ഇവർ ഓടി മാറിയതിനാലാണ് രക്ഷപ്പെട്ടത്. നടുവത്തുമൂഴി റേഞ്ച് കല്ലേലി എസ്റ്റേറ്റ് തേയിലക്കാട് വെസ്റ്റ് ഡിവിഷൻ ഭാഗത്താണ് കാട്ടാനകൾ നാശം വിതക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയും കൂട്ടമായി എത്തിയ കാട്ടാനകൾ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപത്തെ കൈത കൃഷി ഉൾപ്പെടെ നശിപ്പിച്ചാണ് തിരികെ മടങ്ങിയത്. മുമ്പ് പലതവണ ഈ ഭാഗത്ത് തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്.
വനാതിർത്തിയിൽ സൗരോർജ വേലികളോ കിടങ്ങുകളോ നിർമിച്ചെങ്കിൽ മാത്രമേ ഫലമുള്ളൂ. നിരവധി തവണ വിഷയം വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. രാത്രിയിൽ വീടുകൾക്ക് സമീപം എത്തിയ കാട്ടാനക്കൂട്ടത്തെ നിരവധി തവണ വനപാലകർ ഓടിച്ചു വിടേണ്ട അവസ്ഥ വന്നിട്ടുണ്ട്. എന്നിട്ടും തുരത്താൻ വേണ്ട നടപടിയില്ല. കൃഷിയടക്കം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടാനകൾ ദിവസേന വരുത്തി വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.