ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നു; നാട്ടുകാർ ആശങ്കയിൽ
text_fieldsകോന്നി: കോന്നി തണ്ണിത്തോട് റോഡിലെ എലിമുള്ളുംപ്ലാക്കൽ ഭാഗത്ത് വനത്തിനോട് ചേർന്ന ജനവാസ മേഖലക്ക് സമീപം കാട്ടാന ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസമാണ് എലിമുള്ളുംപ്ലാക്കൽ സ്കൂളിന് താഴെ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി പനമരം കുത്തിമറിക്കുകയും ഇത് ഭക്ഷിക്കുകയും ചെയ്തത്.
ഇതിന് ശേഷം അടുത്ത ദിവസം വൈകീട്ട് നാലിന് എത്തിയ കാട്ടുകൊമ്പൻ മണിക്കൂറുകൾ സ്ഥലത്ത് നിലയുറപ്പിക്കുകയും റോഡിലൂടെ പോയ വാഹന യാത്രക്കാർക്കുനേരെ പാഞ്ഞടുക്കുകയും ചെയ്തു. ജനവാസ മേഖലയിൽനിന്ന് 30 മീറ്റർ മാത്രം അകലെയാണ് കാട്ടാന എത്തിയത്.
ജനവാസ മേഖലക്കും തണ്ണിത്തോട് റോഡിനും ഇടയിൽ നിൽക്കുന്ന പനകൾ ഭക്ഷിക്കാനാണ് കാട്ടാന സ്ഥിരമായി എത്തുന്നത്. ആന ഇറങ്ങുന്ന ഭാഗത്തെ സൗരോർജ വേലികൾ നിശിച്ചള വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതും കാട്ടാന അടക്കമുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങാൻ കാരണമാകുന്നുണ്ട്.
പ്രദേശത്ത് വനത്തിൽ നിൽക്കുന്ന പന മരങ്ങൾ മുറിച്ചുമാറ്റുകയോ ആന ഇറങ്ങാതെയിരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നും നാട്ടുകാർ വനം വകുപ്പിനോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസവും മുണ്ടോൻമൂഴിക്കും ഇലവുങ്കൽ തോടിനും ഇടയിൽ കാട്ടാന ഇറങ്ങുകയും ബൈക്ക് യാത്രക്കാർ ഇതിന് മുന്നിൽ അകപ്പെടുകയും ചെയ്തിരുന്നു. വേനൽച്ചൂട് വർധിച്ചതോടെ തണ്ണിത്തോട് റോഡിൽ കാട്ടാനയുടെ സാന്നിധ്യം വർധിച്ചു. രാത്രിയിലും പുലർച്ചയും പോകുന്ന വാഹന യാത്രക്കാർ വലിയ ഭീതിയോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.