പൊന്തനാംകുഴി കോളനി മണ്ണിടിച്ചിൽ ഭീഷണിയിൽ
text_fieldsകോന്നി: മഴ ശക്തിപ്രാപിക്കുന്നതോടെ പൊന്തനാംകുഴി കോളനി മണ്ണിടിച്ചിൽ ഭീഷണിയിൽ. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അടിയന്തരഘട്ടത്തിൽ ഇവിടെനിന്ന് 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഇവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ വില്ലേജ് ഓഫിസർ അസിസ്റ്റന്റ് വില്ലേജ് ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധനകൾ നടത്തിയിരുന്നു. മുമ്പ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ പൊന്തനാംകുഴി പാക്കേജ് നടപ്പാക്കിയിരുന്നു.
കോളനിയിലെ 32 കുടുംബങ്ങൾക്ക് ഇവിടെനിന്നും മാറി സ്ഥലം വാങ്ങിക്കാൻ 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ 11 കുടുംബം വസ്തു വാങ്ങുകയും ഒരു കുടുംബം ഇവിടെനിന്ന് താമസം മാറുകയും ചെയ്തിട്ടുണ്ട്. കോട്ടപ്പാറ കുന്നിന്റെ ചരിവിലെ തട്ടുപാറകൾക്ക് മുകളിലുള്ള മൺപ്രദേശത്താണ് പൊന്തനാംകുഴി കോളനിയിലെ വീടുകൾ. എല്ലാ മഴക്കാലത്തും ഇവിടെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇവിടത്തെ സംരക്ഷണഭിത്തിയും കോളനിയിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളും ഇടിഞ്ഞിരിക്കുകയാണ്. റോഡിന് താഴ്ഭാഗത്തെ വീടുകൾക്കും ഭീഷണിയുണ്ട്.
2019 ഒക്ടോബർ 21നു ഉണ്ടായ ശക്തമായ മഴയിലാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായി വീടുകളുടെ നിലനിൽപ് ഭീഷണിയിലായത്. സ്ഥലം വാങ്ങാനുള്ള ഫണ്ട് ലഭിക്കാതെ താലൂക്ക് ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന പല കുടുംബങ്ങളും ഇവിടെയുണ്ട്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ച് പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന സംഘവും സന്ദർശനം നടത്തിയിരുന്നു.
കോന്നി ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ മുമ്പുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കലക്ടറും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് സർക്കാർ പൊന്തനാംകുഴി പുനരധിവാസ പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.