പോപുലർ ഫിനാൻസ് തട്ടിപ്പ്: സി.ബി.ഐ അന്വേഷണം നടത്തണം –സി.പി.എം
text_fieldsകോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.
രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പാണിത്. വ്യക്തമായ ആസൂത്രണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപം പല കടലാസ് കമ്പനികളിൽ രജിസ്റ്റർ ചെയ്താണ് ആളുകളിൽനിന്ന് സ്വീകരിച്ചത്. ഇവിടെ പണയംെവച്ച് സ്വർണം ഇരട്ടി തുകക്ക് മറ്റ് സ്ഥാപനങ്ങളിൽ പണയം െവച്ചിരിക്കുകയാണ്. തട്ടിപ്പിനിരയായ നിക്ഷേപകർക്കൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോന്നി തൊമ്മീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. രാജു എബ്രഹാം എം.എൽ.എ, വീണാ ജോർജ് എം.എൽ.എ, സ്റ്റേറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടറി തോമസ് വർഗീസ് തുമ്പമൺ എന്നിവർ സംസാരിച്ചു.
സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ സ്വാഗതം പറഞ്ഞു.
പത്തനംതിട്ട കേന്ദ്രമാക്കി പ്രത്യേക കോടതി അനുവദിച്ച് കേസുകൾ അതിവേഗം തീർപ്പാക്കണം, നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ വേഗം നടപടി സ്വീകരിക്കണം, ഉടമകളുടെ സ്വത്തുക്കളും ഓഫിസുകളും കണ്ടുകെട്ടുക, ഒാരോ കേസുകൾക്കും പ്രത്യേക എഫ്.ഐ.ആർ നൽകി അന്വേഷിക്കുക, ആറാംപ്രതി മേരിക്കുട്ടി ഡാനിയേലിനെ ആസ്ട്രേലിയയിൽനിന്ന് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.