പോപുലർ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം അന്തർ സംസ്ഥാനങ്ങളിലേക്ക്
text_fieldsകോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളെ തെളിവെടുപ്പിനായി വകയാറിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കൂക്കിവിളിച്ച് നിക്ഷേപകരുടെ പ്രതിഷേധം. വകയാറിൽ പ്രതികളുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇതറിഞ്ഞ് നൂറുകണക്കിന് നിക്ഷേപകരാണ് ഇവിടെ തടിച്ചുകൂടിയത്.
കേസിെൻറ അന്വേഷണം അന്തർ സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പോപുലർ ഫിനാൻസിന് ശാഖകളുണ്ട്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ പോപുലർ ഉടമകൾ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
തട്ടിപ്പ് സംബന്ധിച്ച ഗൂഢാലോചനക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ആസ്ട്രേലിയയിൽനിന്ന് പഴകിയ കമ്പ്യൂട്ടറുകൾ ഇവർ ഇറക്കുമതി ചെയ്ത് വിതരണം നടത്തിയിരുന്നു. അവയിൽ ഭൂരിപക്ഷവും പ്രവർത്തനക്ഷമമായിരുന്നില്ല. അതുമായി ബന്ധപ്പെട്ട് പ്രതികൾ ആറുകോടിയുടെ നേട്ടമുണ്ടാക്കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
തെളിവെടുപ്പിന് രണ്ടുതവണയായാണ് പ്രതികളെ സ്ഥലത്ത് എത്തിച്ചത്. ആദ്യം തോമസ് ഡാനിയേലിനെ ആണ് എത്തിച്ചത്. അപ്പോൾ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായില്ല. അതേസമയം, പ്രഭയെയും രണ്ട് പെൺമക്കളെയും എത്തിച്ചതോടെ ആളുകൾ കൂക്കിവിളിയും പ്രതിഷേധവും ഉയർത്തി.
വാഹനത്തിന് അടുത്തേക്കുവെര കൂക്കിവിളിച്ചുകൊണ്ട് ജനക്കൂട്ടമെത്തി. വൻ പൊലീസ് സംഘമെത്തി പ്രതിഷേധക്കാരെ തടഞ്ഞുനിർത്തിയാണ് പ്രതികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ വഴിയൊരുക്കിയത്. വീടിനുള്ളിലെ പരിശോധനകൾ പൂർത്തിയാക്കി എസ്.പി കെ.ജി. ൈസമൺ പുറത്തേക്ക് വന്നപ്പോഴും ജനക്കൂട്ടം കൂക്കിവിളിച്ച് ബഹളമുണ്ടാക്കി.
തട്ടിപ്പിന് പിന്നിൽ ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിച്ചുവെന്ന് എസ്.പി പറഞ്ഞു. ഇവർക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നതല്ല ഇത്രയും വലിയ തട്ടിപ്പ്. നിയമവശങ്ങളും സാമ്പത്തിക തിരിമറികളും നടത്താൻ വ്യക്തമായി അറിയുന്ന പ്രഫഷനലുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് അയച്ചിട്ടുെണ്ടന്നും എസ്.പി പറഞ്ഞു.
270ലേറെ ബ്രാഞ്ചുകളുള്ള പോപുലർ ഫിനാൻസിൽ 38,000 ലേറെ നിക്ഷേപകരുണ്ട്. എല്ലാവരുടെയും പരാതികൾ പരിശോധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും നിക്ഷേപ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പ്രതികൾ നൽകിയ എട്ട് പാപ്പർ ഹരജികൾ പത്തനംതിട്ട സബ് കോടതി പരിഗണിച്ചിരുന്നു. നിക്ഷേപകരെയാണ് എതിർ കക്ഷികളാക്കിയിരിക്കുന്നത്. വായ്പയെടുത്ത ദേശസാത്കൃത ബാങ്കുകളെയും എതിർകക്ഷികളാക്കിയിട്ടുണ്ട്.
മുഴുവൻ എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിയുമായി എത്തിയ എല്ലാ നിക്ഷേപകർക്കും നോട്ടീസ് അയക്കുന്നതുതന്നെ വലിയ ജോലിയായി മാറും. അതിനാൽ അന്വേഷണവും കോടതി വ്യവഹാരങ്ങളും കാലങ്ങൾ നീളാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.