പുനലൂർ-മൂവാറ്റുപുഴ പാത നിർമാണം ഇഴയുന്നു; ജനം ദുരിതത്തിൽ
text_fieldsകോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം ഇഴയുന്നത് ജനത്തെ ദുരിതത്തിലാക്കുന്നു. വകയാർ മുതൽ കോന്നിവരെ റോഡ് നിർമാണം പൂർണമായി ഇഴയുകയാണ്. പല സ്ഥലങ്ങളിലും ഓടകൾ നിർമിച്ചതുപോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഓടകൾ സ്ഥാപിച്ച സ്ഥലത്ത് മണ്ണിട്ട് നികത്താത്തത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനിടെ ദിവസവും വൈകുന്നേരങ്ങളിലെ ശക്തമായ വേനൽ മഴയിൽ റോഡ് ചളിയാൽ നിറയും. കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ മുതൽ ആർ.വി.എച്ച്.എസ്.എസ് സ്കൂളിന് സമീപംവരെ റോഡ് നിർമാണം നടക്കുന്നില്ല. രണ്ടുമാസമായി ഈ ഭാഗത്തെ നിർമാണം നിലച്ചിട്ട്.
ഇതിനിടെ മഴ പെയ്തതോടെ റോഡ് ചളി നിറഞ്ഞ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നപ്പോൾ പൈപ്പ് ലൈൻ പൊട്ടിയതുമൂലം കുടിവെള്ള വിതരണം മുടങ്ങിയത് അടക്കം കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടണമെന്ന് നിർദേശം നൽകിയെങ്കിലും ഇവയൊന്നും നടപ്പായില്ല. വീണ്ടും റോഡിൽ പലയിടത്തും പൊട്ടിയ പൈപ്പ് ലൈനുകൾ തകരാർ പരിഹരിക്കാതെ ഏറെ നാൾ കിടന്നിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് നാൾക്കുനാൾ റോഡിൽ ഉയരുന്ന പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിനും നടപടിയില്ല. റോഡ് നിർമാണം നടക്കുമ്പോൾ ഇടക്കിടെ ടാങ്കർ ലോറിയിൽ വെള്ളം നനച്ച് പൊടി ശമിപ്പിക്കണം എന്നാണ് വ്യവസ്ഥ.
കോന്നി നഗരത്തിലും നിർമാണം മുടങ്ങി. ചിലയിടങ്ങളിൽ ഓട നിർമിക്കാൻ കുഴി എടുത്തിട്ട ശേഷം മാസങ്ങളോളം ഇവിടേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ കുഴിയെടുത്ത ശേഷം ഓടകൾ സ്ഥാപിക്കാത്തത് കടയിലേക്ക് ആളുകൾ കയറുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചതുര പൈപ്പുകൾകൊണ്ട് നിർമിച്ച ചെറിയ നടപ്പാതകളിൽ ചവിട്ടിവേണം പ്രായമായവർക്കുപോലും കടകളിലേക്ക് കയറാൻ. ഇത് ഒടിയുമോ എന്ന പേടി കാരണം പലരും കടകളിലേക്ക് കയറാനും മടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.