മധുരം കുറയുന്നു,റമ്പുട്ടാൻ കൃഷിക്ക്
text_fieldsകോന്നി: റംബുട്ടാന് വിപണിയിൽ വിലകുറഞ്ഞത് കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയാകുന്നു. കർഷകരിൽനിന്ന് വാങ്ങുന്ന റംബുട്ടാൻ 80 രൂപ നിരക്കിലാണ് കച്ചവടക്കാർ വിപണിയിൽ നൽകുന്നത്.
എന്നാൽ, കഴിഞ്ഞവർഷം റംബുട്ടാന് ഇതിൽ കൂടുതൽ വില ലഭിച്ചിരുന്നു. മാങ്കോസ്റ്റീൻ പഴത്തിന്റെ വില ഇടിഞ്ഞതും റംബുട്ടാൻ വിപണിയെ സാരമായി ബാധിച്ചതായി കച്ചവടക്കാർ പറയുന്നു. കഴിഞ്ഞതവണ 100 രൂപയോളം റംബുട്ടാന് വില ലഭിച്ചിരുന്നു. റംബുട്ടാൻ കൃഷി സുലഭമായതും വിലയിടിവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായത് മേഖലയിൽ തിരിച്ചടിയുണ്ടാക്കിയപ്പോൾ ഈ വർഷമെങ്കിലും മികച്ച വിളവെടുപ്പ് കർഷകർ പ്രതീക്ഷിച്ചിരുന്നു.
വിലയിടിവ് കച്ചവടത്തെ സാരമായി ബാധിച്ചതോടെ കർഷകരിൽനിന്ന് മരങ്ങൾ വാങ്ങേണ്ട എന്ന തീരുമാനത്തിലാണ് കച്ചവടക്കാർ.
കായ്ച്ച മരങ്ങൾ വലയിട്ടുനിർത്തി പഴുത്ത് പാകമാകുമ്പോൾ കച്ചവടക്കാർ നേരിട്ട് വിളവെടുക്കുന്നതാണ് രീതി. എന്നാൽ, മലയോര മേഖലയിൽ പലയിടത്തും റംബുട്ടാൻ വിളഞ്ഞ് പഴുത്തിട്ടും വാങ്ങാൻ കച്ചവടക്കാർ എത്തുന്നില്ല. കോന്നിയിലെ കർഷകരുടെ പ്രധാന കൃഷികളിൽ ഒന്നാണ് റംബുട്ടാൻ.
മഞ്ഞയും ചുവപ്പും നിറങ്ങളിൽ കാണപ്പെടുന്ന റംബുട്ടാൻ പഴങ്ങളിൽ ചുവപ്പിനാണ് ആവശ്യക്കാർ ഏറെയും. കോന്നി, തണ്ണിത്തോട്, പ്രമാടം, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട് തുടങ്ങി പലസ്ഥലങ്ങളിലും നൂറുകണക്കിന് മരങ്ങളാണ് കായ്ച്ച് നിൽക്കുന്നത്. മലയോര മേഖലയിലെ ജനങ്ങൾക്ക് വർഷത്തിൽ ലഭിക്കുന്ന പ്രധാന വരുമാനമാർഗമാണ് അടഞ്ഞിരിക്കുന്നത്. തായ്ലൻഡാണ് റംബുട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.