പുലിപ്പേടിയിൽ പാക്കണ്ടം നിവാസികൾ
text_fieldsകോന്നി: കൂടൽ പ്രദേശത്ത് ഭീതി പടർത്തിയ പെൺപുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടതിന് പിന്നാലെ ഇഞ്ചപ്പാറയിൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. ഇഞ്ചപ്പാറ മഠത്തിലെത്ത് വീട്ടിൽ ബാബുവിന്റെ മൂരിക്കിടാവിനെ പുലിക്കൂട്ടം ഭക്ഷിച്ചതിന് സമീപം കഴിഞ്ഞ ദിവസം രാത്രി പുലി റോഡ് മുറിച്ചു കടന്നുപോകുന്നത് കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് പാടം ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപാടുകളോ പുലി വന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനപാലകർ പറഞ്ഞു.
ആദ്യം ബാബുവിന്റെ വീട്ടിലെ മൂരി കിടാവിനെ പുലി ആക്രമിച്ചുകൊന്നപ്പോൾ ഇത് ഏത് മൃഗം ആണെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, ജഡം മറവ് ചെയ്യാതെ സംഭവ സ്ഥലത്ത് സൂക്ഷിച്ചതിനെ തുടർന്ന് രാത്രി നാല് പുലികൾ കാടിറങ്ങി വന്ന് മൂരി കിടാവിനെ ഭക്ഷിച്ചത് കണ്ടതായി ബാബുവും കുടുംബവും പറഞ്ഞിരുന്നു.
ഇതിനാൽ തന്നെ പാക്കണ്ടത്ത് സ്ഥാപിച്ച കൂട്ടിൽ പുലി വീണിട്ടും ഇഞ്ചപ്പാറ ഭാഗത്ത് സ്ഥാപിച്ച കൂട് വനംവകുപ്പ് നീക്കം ചെയ്തിരുന്നില്ല. ഇവിടെ വേറെയും പുലികൾ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. പാക്കണ്ടത്ത് വള്ളിവിളയിൽ വീട്ടിൽ രണേന്ദ്രന്റെ ആടുകളെ ആക്രമിച്ച് കൊന്ന പുലി കൂട്ടിൽ വീഴുന്നതിന് മുമ്പും ഇവിടെ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇയാളുടെ നിരവധി ആടുകളെയും അതിനകം പുലി കൊന്നിരുന്നു.
പ്രദേശത്തെ റബർ തോട്ടങ്ങളിലും മറ്റും വളർന്നുനിൽക്കുന്ന അടിക്കാടുകൾ പുലിയുടെ സാന്നിധ്യത്തിന് പ്രധാന കാരണമാണ്. ഈ കാടു തെളിക്കാൻ ആരും തയാറായിട്ടുമില്ല. കാട് വൃത്തിയാക്കാൻ എത്രയുംവേഗം ഭൂ ഉടമകൾക്ക് കത്ത് നൽകുമെന്നായിരുന്നു ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, യാതൊരു നടപടിയും പൂർത്തിയായിട്ടില്ല. കൂടൽ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടതോടെ നാട്ടുകാർ വീണ്ടും ഭീതിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.