സിഗ്നൽ ലൈറ്റില്ല, സീബ്രാലൈൻ മാഞ്ഞു; സംസ്ഥാന പാതയിൽ അപകടം പതിവ്
text_fieldsകോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായ ശേഷവും പ്രധാന ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു.
കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിലെ നിരവധി സ്ഥലങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഉള്ളത്. മല്ലശ്ശേരി മുക്ക്, മാമ്മൂട്, വകയാർ, മുറിഞ്ഞകൽ, കൂടൽ,കലഞ്ഞൂർ അടക്കമുള്ള പലസ്ഥലങ്ങളിലും വാഹനാപകടങ്ങൾ പതിവാക്കുകയാണ്. എന്നാൽ, ഈ സ്ഥലങ്ങളിൽ ഒന്നും അപകട മുന്നറിയിപ്പ് നൽകുന്ന സിഗ്നൽ ലൈറ്റുകൾ നിർമാണം ഏറ്റെടുത്ത കെ.എസ്.ടി.പി സ്ഥാപിച്ചിട്ടില്ല. മല്ലശ്ശേരി മുക്ക് മുതൽ പുളിമുക്ക് വരെയുള്ള ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങൾ നടക്കുകയും പിഞ്ചുകുഞ്ഞടക്കം ഏഴോളം പേർ മരിക്കുകയും ചെയ്തു.
സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇടറോഡുകളിൽനിന്ന് പ്രധാന റോഡിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതലും സംസ്ഥാന പാതയിൽ സംഭവിക്കുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ തെന്നി മറിയുന്ന സംഭവങ്ങളും അനവധിയാണ്. സംസ്ഥാന പാതയുടെ സമീപത്തെ പ്രധാന സ്കൂളുകൾക്ക് മുന്നിൽപോലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം. അധ്യയന വർഷാരംഭത്തിൽ സ്കൂൾ കുട്ടികൾ റോഡ് മറികടക്കുന്ന ഇടങ്ങളിൽ പൊലീസ് സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. സ്കൂൾ അധികൃതർ തന്നെ കുട്ടികളെ റോഡ് മുറിച്ചു കടത്തുകയോ അല്ലെങ്കിൽ കുട്ടികൾ തന്നെ റോഡ് മുറിച്ചുകടക്കുന്നതോ ആണ് ഇപ്പോഴത്തെ സ്ഥിതി. മുമ്പ് സ്ഥാപിച്ച സീബ്രാ ക്രോസിങ് ലൈനുകളും കുറഞ്ഞ കാലയളവിനുള്ളിൽ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രി യാത്രക്കാരാണ് ഏറ്റവും കൂടുതൽ ഇതുമൂലം ബുദ്ധിമുട്ടുന്നത്.
ദൂരെ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ വളവുകൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന കോന്നി താലൂക്ക് വികസന സമിതിയിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.