മണ്ഡലകാലം പടിവാതിൽക്കൽ: ഇരുട്ടിൽ സംസ്ഥാന പാത; അപകടങ്ങൾ വർധിക്കുന്നു
text_fieldsകോന്നി: ശബരിമല മണ്ഡല കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
സംസ്ഥാന പാതയിൽ കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള കോന്നി റീച്ചിൽ നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്. കോന്നി മാമൂട്, ചിറ്റൂർ മുക്ക്, പൂവൻപാറ, വകയാർ, കൂടൽ, കലഞ്ഞൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ചിരിക്കുകയാണ്. നിരവധി പേരാണ് അപകടങ്ങളിൽ മരണപ്പെട്ടിരിക്കുന്നത്.
സംസ്ഥാന പാതയിലെ അപകടങ്ങൾ നിയന്ത്രിക്കാൻ സ്ഥിരം അപകട മേഖലയിൽ കാമറ സ്ഥാപിക്കുന്ന നടപടി പോലും ഇതുവരെയും പൂർത്തിയായിട്ടില്ല.
സംസ്ഥാന പാതയിൽ പലയിടത്തും സീബ്രാലൈൻ, ക്രോസിങ് ലൈനുകൾ എല്ലാം മാഞ്ഞുതുടങ്ങിയിട്ടുണ്ട്. വകയാർ മുതൽ ഉള്ള പലസ്ഥലങ്ങളിലും ഓടക്ക് മേൽ മൂടികൾ സ്ഥാപിക്കാനുണ്ട്. കൂടാതെ കോന്നി സെൻട്രൽ ജങ്ഷനിൽപോലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല.
മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞാൽ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് അടക്കം നിരവധി അയ്യപ്പ ഭക്തരാണ് കോന്നി വഴി കടന്നുപോകുന്നത്. എല്ലാ മണ്ഡലകാലത്തും കോന്നിയിൽ വാഹനാപകടങ്ങൾ അനവധിയാണ്. അമിത വേഗവും അശ്രദ്ധമായി വാഹനമോടിക്കുന്നതും വാഹനാപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.
അയ്യപ്പ ഭക്തർ ഏറ്റവും കൂടുതൽ എത്തുന്ന കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിലും ആവശ്യമായ സൗകര്യം ഇനിയും ഒരുക്കാനുണ്ട്. സംസ്ഥാന പാതയിൽ അപകടം കുറക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്.
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഈ കാര്യങ്ങൾ നടപ്പാക്കിയെങ്കിൽ മാത്രമേ ശബരിമല തീർഥാടനം ഏറെ സുഗമമായി മുന്നോട്ട് പോകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.