അപകടം ഒഴിഞ്ഞ ദിവസമില്ല; ഈ വർഷം നൂറിലേറെ അപകടങ്ങൾ, മരണം 15
text_fieldsകോന്നി: 2024 പുതുവർഷത്തിന്റെ തൊട്ടടുത്ത ദിവസം മല്ലശേരി മുക്കിൽ തുടങ്ങിയ അപകടങ്ങൾ വർഷം തീരുമ്പോഴും അവസാനിക്കുന്നില്ല. കൂടൽ, കോന്നി പൊലീസ് സ്റ്റേഷൻ പരിധികളിൽ സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങൾ നൂറ് കവിഞ്ഞു. അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15 ആണ്. കൂടാതെ ചെറുതും വലുതുമായ പരിക്കുകളേറ്റ് ആശുപത്രി വിട്ടവരും ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണം നൂറിൽ അധികമാണ്.
കഴിഞ്ഞ ആഴ്ചയാണ് വലിയ അപകടം മുറിഞ്ഞകല്ലിൽ ഉണ്ടായത്. ഒരു കുടുംബത്തിലെ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സംസ്ഥാന പാതയുടെ മല്ലശേരിമുക്ക്, പുളിമുക്ക്, മാമൂട്, മാരൂർപാലം, പൂവൻപാറ, വകയാർ, എട്ടാം കുറ്റി, മുറിഞ്ഞകൽ, ഇഞ്ചപ്പാറ, നെടുമൺകാവ്, കൂടൽ, കലഞ്ഞൂർ എന്നിവിടങ്ങളാണ് പ്രധാന അപകട കേന്ദ്രങ്ങൾ. ഇതിൽ കൂടൽ സ്റ്റേഷന്റെ പരിധിയിൽ ഉള്ള അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. കൂടാതെ, മല്ലശേരിമുക്കിലും പൂവൻപാറയിലും ഉണ്ടായ അപകടങ്ങളിലും മനുഷ്യ ജീവനുകൾ റോഡിൽ പൊലിഞ്ഞു.
ഇരു ചക്രവാഹനങ്ങളാണ് കൂടുതൽ അപകടങ്ങളിൽപ്പെട്ടത്. അശ്രദ്ധമായ വാഹനം മോടിക്കുന്ന തും ഉറക്കം ഒഴിച്ച് വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പും പൊലീസും
മല്ലപ്പള്ളി: സംസ്ഥാനത്ത് വർധിച്ചുവരുന്ന അപകടങ്ങൾ കുറക്കുന്നതിനും ഗതാഗത ബോധവത്കരണ പരിപാടികൾ നടത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്ത വാഹന പരിശോധന നടത്തി. അശ്രദ്ധമായും നിയമലംഘനം നടത്തിയും വാഹനം ഓടിച്ചുവരുന്നവർക്ക് ബോധവത്കരണം നൽകി.
താലൂക്കിൽ 105 വാഹനങ്ങൾ പരിശോധിച്ചതിൽ 47 വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 43,000 രൂപ പിഴ ഈടാക്കി. ക്രിസ്മസ്-പുതുവത്സ ആഘോഷങ്ങളോട് അനുബന്ധിച്ച് പരിശോധന കർശനമാക്കുമെന്ന് ജോ. ആർ.ടി.ഒ അറിയിച്ചു. പരിശോധനക്ക് എം.വി.ഐ ഷമീർ, എ.എം വി.ഐമാരായ ബിനോയ്, ഡോ. ജേക്കബ് ജോർജ്, കീഴ്വായ്പ്പൂര് എസ്.ഐ രാജേഷ്, സി.പി.ഒ ടോമി സിസർ എന്നിവർ നേതൃത്വം നൽകി.
പേരൂർകുളത്തും മുറിഞ്ഞകല്ലിലും അപകടം; എട്ടുപേർക്ക് പരിക്ക്
കോന്നി: സംസ്ഥാന പാതയിൽ പേരൂർകുളം, മുറിഞ്ഞകൽ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ എട്ട് തീർഥാടകർക്ക് പരിക്ക്. മുറിഞ്ഞകല്ലിൽ തീർഥാടകർ സഞ്ചാരിച്ചിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ അർച്ചന, വർഷ, ശാലിനി, മാലതി, ശാന്ത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുമ്പാണ് എലിയറക്കലിന് ഒരു കിലോമീറ്റർ മീറ്റർ അപ്പുറം പേരൂർകുളത്ത് ഫർണീച്ചർ കയറ്റി വന്ന പിക് വാനിൽ തീർഥാടക വാഹനം ഇടിച്ച് തമിഴ്നാട് സ്വദേശികളായ യുവരാജ്, ഗ്രിബ, വസന്ത് എന്നിവർക്ക് പരിക്ക് പറ്റിയത്. ഇവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മുറിഞ്ഞകല്ലിൽ ഉണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.