അപകടക്കെണിയൊരുക്കി പൂട്ടുകട്ടകൾ
text_fieldsകോന്നി: മഴക്കാലമായതോടെ തണ്ണിത്തോട് ചിറ്റാർ റോഡിൽ പൂട്ടുകട്ടകൾ പാകിയ ഭാഗം അപകടക്കെണിയാകുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ദൂരം ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗമാണിത്. തണ്ണിത്തോട് കൂത്താടിമൺ മുതലുള്ള 1.6 കിലോമീറ്റർ ഭാഗമാണ് കട്ടകൾ പാകിയത്. വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ നീരുറവകൾ രൂപപ്പെട്ട് ടാറിങ് ഇളകി മാറുമെന്ന കാരണത്താലായിരുന്നു ഇവിടെ കട്ടകൾ പാകിയത്. എന്നാൽ, മഴക്കാലമായതോടെ അപകടം വർധിച്ചിരിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ലോക്ക് കട്ടകൾ ഇളകി തുടങ്ങി. ഘർഷണം കുറവുള്ള റോഡിൽ ടയറുകൾ തെന്നി മാറുന്നതാണ് അപകടത്തിന് പ്രധാന കാരണം. ഇതേ റോഡിൽ മാക്രിപ്പാറക്ക് സമീപമായാണ് കൂടുതലും അപകടങ്ങൾ നടന്നിട്ടുള്ളത്. പൊലീസ് ജീപ്പ് അടക്കം ഈ റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. അപകടം തുടർക്കഥയായതോടെ ലോക്ക് കട്ടകളിൽ ടാറും മണലും ചേർന്ന മിശ്രിതം സ്പ്രേ ചെയ്ത് ഘർഷണം വർധിപ്പിക്കാം എന്ന് തീരുമാനിച്ചിരുന്നു എങ്കിലും ഇതും നടപ്പായില്ല. അപകടങ്ങൾ വർധിച്ചിരുന്ന ഭാഗത്ത് താഴ്ചയിൽ കുറച്ച് ദൂരം ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. എന്നാൽ, കൂടുതൽ അപകടകരമായ ഭാഗത്ത് സ്ഥാപിച്ചിട്ടുമില്ല. ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ പലപ്പോഴും കുത്തനെയുള്ള കയറ്റത്തിൽനിന്ന് പോവുകയും തുടർന്ന് കല്ലുവെച്ച് അടവെച്ചാണ് ഡ്രൈവർമാർ വാഹനം തിരികെ കയറ്റുന്നത്.
മഴക്കാലമായതോടെ റോഡിൽ കൂടി നിരന്തരം വെള്ളം ഒഴുകിയതിനെ തുടർന്ന് പായൽ പിടിച്ചിട്ടുമുണ്ട്. റോഡിലെ ഇന്റർലോക്ക് കട്ടകൾ ശരിയായ രീതിയിൽ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.