കാനനപാതകൾ ഇത്തവണയും ഇരുട്ടിലാകും
text_fieldsകോന്നി: കാട്ടാനകളും കാട്ടുപോത്തുകളും വിഹരിക്കുന്ന കാനനപാതയിൽ വെളിച്ചം ഇല്ലാത്തതുമൂലം തീർഥാടകരുടെ ഇത്തവണത്തെ യാത്ര കഠിനമാകും. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ശബരിമല കാനനപാതകളിൽ വെളിച്ചമില്ല. കോന്നി-തണ്ണിത്തോട്-ചിറ്റാർ-സീതത്തോട്-ആങ്ങമൂഴി, കോന്നി-കല്ലേലി-അച്ചൻകോവിൽ റോഡ് എന്നിവയാണ് കോന്നിയിലെ പ്രധാന ശബരിമല കാനനപാതകൾ.
തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയും തണ്ണിത്തോട് കൂത്താടിമൺ മുതൽ നെടുംതാര വരെയുമാണ് പ്രധാനമായും വനത്തിൽക്കൂടി കടന്നുപോകുന്ന റോഡുകൾ. ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പകുതിയിലധികവും പ്രകാശിക്കുന്നില്ല. ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് ഭൂഗർഭ കേബിളായതിനാൽ ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കാനും കഴിയില്ല. വനമേഖല ആയതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആവാസ മേഖലയാണ് ഇവിടം. കല്ലേലി അച്ചൻകോവിൽ റോഡിലും വെളിച്ചമില്ല. വന്യമൃഗങ്ങളുടെ ആവാസ മേഖലയായ ഇവിടെ തമിഴ്നാട്ടിൽനിന്നും നിരവധി അയ്യപ്പഭക്തരാണ് കാൽനടയായി സഞ്ചരിക്കുന്നത്. റോഡും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞാൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി നിരവധി അയ്യപ്പഭക്തർ വന്നുപോകുന്നുണ്ട്. കോന്നിയിലെ മുരിങ്ങമംഗലം ശബരിമല ഇടത്താവളം, കല്ലേലി അപ്പൂപ്പൻ കാവ്, ചിറക്കൽ ശ്രീധർമ ശാസ്തക്ഷേത്രം തുടങ്ങി കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന അയ്യപ്പഭക്തരും വെളിച്ചമില്ലത്ത ഈ കാനന പാതകൾ താണ്ടി വേണം പോകാൻ.
ഇഴജന്തുക്കളുടെ ശല്യം ഏറെയുള്ള ഈ പാതകളിൽ അയ്യപ്പഭക്തർ ഭീതിയോടെ വേണം സഞ്ചരിക്കാൻ. പലയിടത്തും റോഡിലെ കാടുകളും തെളിച്ചിട്ടില്ല. തങ്കഅങ്കി കടന്നുപോകുന്ന ചില പ്രധാന ഗ്രാമപഞ്ചായത്തുകൾക്ക് മാത്രമാണ് ശബരിമല ഫണ്ട് അനുവദിക്കുന്നത് എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കാനനപാതയിൽ വെളിച്ചമില്ലാത്തത് ഈ തീർഥാടന കാലത്തെ ഏറെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.