ശബരിമല അവലോകന യോഗം ചേർന്നു; കോന്നിയിലെ ഗതാഗതക്കുരുക്കിൽ അയ്യപ്പഭക്തർ വലയുമെന്ന് ആശങ്ക
text_fieldsകോന്നി: നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിൽ മണ്ഡല- മകരവിളക്ക് സീസണിൽ അയ്യപ്പഭക്തർ വലയുമെന്ന് കോന്നിയിൽ ചേർന്ന ശബരിമല അവലോകനയോഗം ആശങ്ക പ്രകടിപ്പിച്ചു. കോന്നിയിലെ ശബരിമല ഇടത്താവളമായ കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ് ഉൾപ്പെടെ ഉള്ളവർക്ക് നിർദേശം നൽകി.
ഇടത്താവളത്തിൽ ശുചിമുറികൾ അടക്കമുള്ളവ വൃത്തിയാക്കിയിട്ടുണ്ട്. കുളിക്കടവുകളിൽ ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ആംബുലൻസ് സൗകര്യവും ഡോക്ടറുടെ സേവനവും ഉറപ്പാക്കും. തട്ടുകടകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോന്നിയിൽ അപകടങ്ങൾ കുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. കോന്നിയിൽ കെ.എസ്.ടി.പി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എടുത്തുമാറ്റിയ കാമറകൾ പുനഃസ്ഥാപിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇതും നടപ്പാക്കും. കെ.എസ്.ടി.പി റോഡിലെ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം. വകയാർ എട്ടാംകുറ്റിയിൽ അപകടങ്ങൾ കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാരൂർ പാലം ഭാഗത്ത് വെച്ചിരിക്കുന്ന വീപ്പകൾ അപകടഭീഷണിയാകുന്നു എന്നും ഇത് എടുത്ത് മാറ്റണം എന്നും കെ.എസ്.ടി.പിക്ക് നിർദേശം നൽകി. കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. റോജി എബ്രഹാം, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യ വകുപ്പ്, റവന്യൂ, കെ.എസ്.ഇ.ബി അധികൃതർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.