അധികാരികളുടെ ഇടപെടലില്ല; കലഞ്ഞൂരിൽ മണ്ണ് കടത്തൽ വ്യാപകം
text_fieldsകോന്നി: കലഞ്ഞൂർ മണക്കാട്ടുപുഴയിൽ വീട് നിർമിക്കുന്നതിന്റെ പേരിൽ അനധികൃതമായി കുന്നിടിച്ച് നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പ്രധാന റോഡിൽനിന്ന് 200 മീറ്റർ അകലെയാണ് വ്യാപകമായി മണ്ണ് കടത്തുന്നത്. വീട് വെക്കുന്നതിന് കുറഞ്ഞ അളവിൽ മണ്ണ് മാറ്റുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകാമെന്ന നിയമത്തിന്റെ മറവിലാണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി മണ്ണ് കടത്തുന്നത്. ദിവസവും 500 ലോഡിൽ അധികംമണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. കുറച്ചു ലോഡുകൾ കൊണ്ടുപോകാൻ പഞ്ചായത്ത് അനുമതി നൽകിയ ശേഷം ഈ പാസിന്റെ മറവിൽ കൂടുതൽ ലോഡ് കടത്തുന്നതാണ് ഇവരുടെ രീതി.
രണ്ട് വലിയ മണ്ണുമാന്തി മന്ത്രങ്ങളും പത്തിലധികം ടിപ്പർ ലോറികളും ഉപയോഗിച്ചാണ് മണ്ണ് എടുക്കുന്നത്. ചെറിയ വഴികളിൽ കൂടി വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് നശിക്കുകയും ചെയ്യുന്നുണ്ട്. മണ്ണ് ഇടിയാൻ ഏറെ സാധ്യതയുള്ള ഭാഗത്താണ് ഇത്തരത്തിൽ മണ്ണ് എടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
ഇവിടെ നിന്ന് എടുക്കുന്ന മണ്ണ് മറ്റ് ജില്ലകളിലേക്ക് കടത്തുകയാണെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇത്തരത്തിൽ പച്ചമണ്ണ് കടത്തുന്നുണ്ട്. മുമ്പ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇത്തരത്തിൽ മണ്ണ് കടത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ.
എന്നാൽ, വീട് വെക്കാൻ ചെറിയ തോതിൽ മണ്ണെടുക്കാമെന്ന് അധികാരം ദുരുപയോഗപ്പെടുത്തുകയാണ്. ഇതിന്റെ മറവിൽ പല സ്വകാര്യ വ്യക്തികളും വ്യാപകമായി മണ്ണ് കടത്തുകയാണ്. ഇത്തരം വിഷയങ്ങളിൽ പൊലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടൽ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.