അരുവാപ്പുലത്തെ ചന്ദന വിൽപനശാല പ്രവർത്തനം വൈകുന്നു
text_fieldsകോന്നി: പുനലൂർ ടിംബർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെൺമേലിപ്പടിക്ക് സമീപം ആരംഭിച്ച ചെറുകിട ചന്ദന വില്പനശാലയുടെ സ്ട്രോങ് റൂം പ്രവർത്തനം ആരംഭിക്കാത്തത് മൂലം പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നില്ല.പൊതുജനങ്ങൾക്ക് ചന്ദനം സുലഭമായി ലഭ്യമാക്കുന്നതിന് 2018 ജനുവരി 25ന് ഇറക്കിയ വനം വകുപ്പിന്റെ പ്രത്യേക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദനം ചില്ലറ വില്പനശാല ആരംഭിച്ചത്. 2019ൽ വനം വകുപ്പിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ട്രോങ് റൂം നിർമിച്ചത്. ക്ലീനിങ്ങിന് ഷെഡ്, സ്ട്രോങ് റൂം എന്നിവയാണ് നിർമിച്ചിട്ടുള്ളത്.
സാധാരണ ജനങ്ങൾക്ക് ക്ഷേത്രങ്ങളുടെയും മറ്റും ആവശ്യങ്ങൾക്ക് മറയൂരിൽനിന്നുമാണ് ചന്ദനം വാങ്ങേണ്ടി വരുന്നത്. ഇത് ഒഴിവാക്കുന്നതിനും ശുദ്ധമായ ചന്ദനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഇത്തരത്തിൽ ഒരു സ്ട്രോങ് റൂം നിർമിച്ചത്. സ്ട്രോങ് റൂം നിർമിക്കുന്നതിന് മുമ്പ് തന്നെ മറയൂർ ചന്ദനം ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു. ഓഫിസിനുള്ളിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.
സ്വകാര്യ വ്യക്തികളുടെ പറമ്പിലെ വീടിന; ഭീഷണിയായി നിൽക്കുന്ന ചന്ദനമരങ്ങൾ, ഉണങ്ങിയ ചന്ദനമരങ്ങൾ, വീട് വെക്കുന്നതിനായി മുറിച്ചു മാറ്റുന്ന ചന്ദനമരങ്ങൾ എന്നിവ ഇവിടെ എത്തിച്ച് വിൽപന നടത്തുന്നതിനുള്ള സൗകര്യവും ചന്ദന സ്ട്രോങ് റൂം തുറന്ന് നൽകിയാൽ പ്രവർത്തികമാകും.
തഹൽസിൽദാർ അടങ്ങുന്ന സംഘം ഉൾപ്പെടെ പരിശോധന നടത്തി ചന്ദനം മുറിച്ച് മാറ്റി ഒരു വിഹിതം ഉടമസ്ഥന് നൽകുന്നതാണ് രീതി. എന്നാൽ, കെട്ടിടം ഉദ്ഘാടനം നടത്തി തുറന്ന് നൽകാത്തതിനാൽ ഇതൊന്നും നടന്നില്ല. മറയൂരിൽനിന്നും എത്തിച്ച ചന്ദനം വിറ്റ് മാത്രം ലക്ഷങ്ങൾ വരുമാനം നേടുകയും ചെയ്തു. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം ഉദ്ഘാടനം നടത്തി തുറന്ന് നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.