നിയമം ലംഘിച്ച് മണ്ണ് കടത്തൽ; ഏഴ് ടിപ്പർ ലോറികൾ പിടിയിൽ
text_fieldsകോന്നി: നിയമംലംഘിച്ച് മണ്ണ് കടത്തിയ ടിപ്പർ ലോറികൾ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പിടിച്ചെടുത്തു. ഏഴു ടിപ്പർ ലോറികളാണ് അധികൃതർ പിടിച്ചെടുത്തത്. കുറച്ചുദിവസങ്ങളായി ഇളകൊള്ളൂർ ഐ.ടി.സി പടിക്ക് സമീപം രാത്രിയിലും പകലും ടിപ്പർ ലോറികളിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് മണ്ണ് കടത്തുന്നതായി പൊലീസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വിവരം ലഭിച്ചിരുന്നു.
ഇവിടെനിന്ന് 367ലോഡ് മണ്ണെടുത്ത് കൊണ്ടുപോകാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയതിന്റെ മറവിലാണ് രാത്രിയിൽ കടത്ത് നടന്നത്. തുടർന്ന് മോട്ടർ വാഹന വകുപ്പും കോന്നി പൊലീസും നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയ ഏഴ് ടിപ്പർ ലോറികൾ പിടിച്ചെടുത്തു. കോന്നി പൊലീസ് മൂന്ന് ലോറികളും കോന്നി മോട്ടോർ വാഹന വകുപ്പ് മൂന്ന് ടിപ്പർ ലോറികളും മോട്ടോർ വാഹന വകുപ്പ് ഫ്ലയിങ് സ്ക്വാഡ് ഒരു ടിപ്പറീമാണ് പിടികൂടിയത്. പിടിച്ചെടുത്ത ലോഡുകൾക്ക് പിഴ ഈടാക്കുകയും ചെയ്തു. ആലപ്പുഴ ഭാഗത്തേക്കാണ് കോന്നിയിൽനിന്ന് മണ്ണ് കടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പാസ് അനുവദിച്ചെങ്കിലും രാത്രിയിൽ മണ്ണ് കടത്തുവാൻ അനുമതി നൽകാറില്ലെന്നും പൊലീസ് പറയുന്നു. 367 പാസാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ നൽകിയതെങ്കിലും അതിലേറെ ലോഡ് ഇവിടെനിന്ന് പോയിട്ടുണ്ട്. മാത്രമല്ല ടിപ്പർ ലോറികൾ മണ്ണുകയറ്റി സഞ്ചരിച്ചതുമൂലം നിർമാണം പൂർത്തിയായ സംസ്ഥാന പാതയുടെ ഏറെ ഭാഗവും ചളിക്കളമായും മാറി.കോന്നിയുടെ വിവിധ മേഖലകളിൽ മൈനിങ് ആൻഡ് ജിയോളജി അനുവദിക്കുന്ന പാസിന്റെ മറവിൽ നിരവധിപേർ അധികൃതരുടെ കണ്ണുവെട്ടിച്ച് മണ്ണ് കടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.