കോന്നിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം
text_fieldsകോന്നി: കോന്നിയുടെ വിവിധ മേഖലകളിൽ തെരുവുനായ് ശല്യം ഏറിയതോടെ ജനം ഭീതിയിൽ. ഇടക്കാലത്ത് എ. ബി.സി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്ന പ്രവർത്തനം നിലച്ചതോടെ എണ്ണം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂടലിൽ തെരുവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ 3.30നാണ് കൂടൽ രാജഗിരി റോഡിലെ റേഷൻ കട പടിയിൽ പത്ര വിതരണക്കാരായ മനോജ്, സുരേന്ദ്രൻ എന്നിവർക്ക് കടിയേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടൽ ജങ്ഷൻ, രാജഗിരി, നെല്ലിമുരുപ്പ്, കൂടൽ മാർക്കറ്റ്, സ്റ്റേഡിയം ജങ്ഷൻ, ഗാന്ധി ജങ്ഷൻ, തേമ്പാവുമണ്ണ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കളുണ്ട്. റോഡരികിലും മറ്റും രാത്രിയിൽ മത്സ്യ മാംസാവശിഷ്ടങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും തള്ളാറുണ്ട്. ഇവ ഭക്ഷിക്കാനാണ് നായ്ക്കൾ പ്രദേശത്ത് തമ്പടിക്കുന്നത്. കൂടൽ രാജഗിരി റോഡിലും കൂടൽ ജങ്ഷനിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിന് സമീപവും ഇതാണ് സ്ഥിതി.
സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് നേരേ തെരുവുനായ്ക്കൾ പാഞ്ഞടുത്ത സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. കലഞ്ഞൂർ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.