വീട്ടിലേക്ക് റാമ്പിനായി എട്ടുവർഷമായി പഞ്ചായത്ത് പടികൾ 'നിരങ്ങിക്കയറിയിറങ്ങുന്നു' സുധ
text_fieldsകോന്നി: 90 ശതമാനം വൈകല്യമുള്ള സുധ തെൻറ വീട്ടിലേക്ക് പ്രയാസമില്ലാതെ ഇറങ്ങാൻ സുരക്ഷിത വഴിക്കായി കലഞ്ഞൂർ പഞ്ചായത്തിെൻറ പടികൾ 'നിരങ്ങിക്കയറിയിറങ്ങാൻ' തുടങ്ങിയിട്ട് എട്ടു വർഷമാകുന്നു. ഒരോ തവണയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകുന്ന ഉറപ്പ് വിശ്വസിച്ച് തിരികെ മടങ്ങും.
കഴിഞ്ഞ ദിവസവും നെടുമൺകാവ് കൈലാസകുന്ന് ലക്ഷ്മീ ഭവനിൽ ഇ.ആർ. സുധ പ്രതിഷേധവുമായി എത്തി. മാർച്ച് മുപ്പത്തിനകം കോൺക്രീറ്റ് റാമ്പ് നിർമിക്കാമെന്ന് ഉറപ്പുനൽകി. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് തളർന്ന സുധക്ക് 2019ൽ ഒരു അപകടത്തേത്തുടർന്ന് കൈയുടെ കുഴക്ക് സ്വാധീനക്കുറവുണ്ടായതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി.
കൈലാസ കുന്ന് റോഡിെൻറ ഏറ്റവും താഴ്ചയിലാണ് സുധ ഒറ്റക്ക് താമസിക്കുന്നത്. രണ്ടുകാലുകളിലും സ്വാധീനക്കുറവുള്ള കൈകൾ കൊണ്ട് കൂട്ടിപ്പിടിപ്പിച്ച് കാലിന് ബലംകൊടുത്ത് വീട്ടിൽനിന്ന് നിരങ്ങിയിറങ്ങി മൂന്നു തട്ടുകളിലായി കിടക്കുന്ന പതിനെട്ട് പടികൾ താണ്ടി റോഡിലെത്താൻ അരമണിക്കൂർ വേണം. വീട്ടിലേക്ക് മുച്ചക്ര സ്കൂട്ടർ ഇറങ്ങാനായി സൗകര്യം ചെയ്തുതരണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2014ൽ വീട്ടിലേക്ക് റാമ്പ് നിർമിച്ചുനൽകിയിരുന്നു. എന്നാൽ, നിർമാണം തീർത്തും അശാസ്ത്രീയമായതിനാൽ ഇതുവഴി സുരക്ഷിതമായി കയറിയിറങ്ങാൻ സാധിക്കില്ല. ഒരു വ്യക്തിക്കായി കൂടുതൽ പണം അനുവദിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് നിലപാട്. ഇത്തവണ വളരെ ദയനീയസ്ഥിതിയിലാണ് പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ സുധ എത്തിയത്. അർഹതപ്പെട്ട ഫണ്ട് തരാതെ അപമാനിക്കല്ലേ... 90 ശതമാനവും ശരീരം തളർന്ന ഞാൻ ഇനിയും ആരുടെയും കാൽ പിടിക്കില്ല... എന്നു പറഞ്ഞുകൊണ്ടാണ് സുധ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.