ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തി അശാസ്ത്രീയമെന്ന് താലൂക്ക് വികസന സമിതി
text_fieldsകോന്നി: ജൽ ജീവൻ പദ്ധതിക്ക് കോന്നി താലൂക്കിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തതുമൂലം വാഹനാപകടങ്ങൾ വർധിക്കുന്നതായി കോന്നി താലൂക്ക് വികസന സമിതിയിൽ ആക്ഷേപം ഉയർന്നു.
കോന്നി താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്നുണ്ട്. എന്നാൽ, പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തതുമൂലം നിരവധി വാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത്. പഞ്ചായത്ത് റോഡുകൾ വെട്ടിപ്പൊളിക്കുമ്പോൾ ബന്ധപ്പെട്ട പഞ്ചായത്തുകളിൽനിന്ന് അനുമതി വാങ്ങുന്നുമില്ല. കോൺക്രീറ്റ് റോഡുകൾ പോലും കുത്തിപ്പൊളിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇത്തരത്തിൽ കുത്തിപ്പൊളിക്കുന്ന റോഡുകൾ പുനഃസ്ഥാപിക്കാതെ നിർമാണം ഏറ്റെടുത്ത കരാറുകാർ നശിപ്പിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കോന്നി താലൂക്കിലെ വിവിധ ഇടങ്ങളിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും ഒരു നഷ്ടപരിഹാരവും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല. ഫണ്ടിന്റെ അപര്യാപതയാണ് കാരണമെന്ന് വനപാലകർ യോഗത്തെ അറിയിച്ചു. വകയാർ എസ്.ബി.ഐക്ക് സമീപം ജല അതോറിറ്റി പൈപ്പ് ലൈൻ പൊട്ടിയത് മൂലമുണ്ടായ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എലിയറക്കലിൽ ട്രക്ക് ലോറികൾ റോഡരികിൽ നിർത്തിയിടുന്നത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നി നഗരത്തിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ അകലമിട്ട്സ്ഥാപിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് അപകടമുണ്ടാക്കും. വകയാർ പേരൂർകുളം സ്കൂളിൽ കെട്ടിട നിർമാണ പ്രവൃത്തി അനന്തമായി നീളുകയാണ്.
കെട്ടിടം നിർമാക്കുന്ന ഭൂമിക്ക് ഉറപ്പ് പോരാ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭരണാനുമതി ലഭിച്ചിട്ടും നിർമാണാനുമതി ലഭിക്കാതെ വന്നതോടെ നിർമാണം പ്രതിസന്ധിയിലാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി മണ്ണിട്ട് നികത്തിയതുമൂലം മഴക്കാലത്ത് വെള്ളം ഈ സ്കൂളിന്റെ മുറ്റത്തേക്കാണ് ഒഴുകുന്നത്. ഇതിനും പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ചന്ദനപ്പള്ളി റോഡ് നിർമാണവും പൂർത്തിയായിട്ടില്ല. താലൂക്കിലെ പഞ്ചായത്തുകളിൽ മിനി എം.സി.എഫുകളിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാത്തതുമൂലം രോഗങ്ങൾ വർധിക്കുന്നുണ്ട്. ചൈനാമുക്കിൽ നടപ്പാതക്ക് സമീപത്തെ ഇടിഞ്ഞ് താഴ്ന്ന കിണർ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവും വനം വകുപ്പ് ഒരുക്കിയിട്ടില്ല. കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വലിയ വരുമാനം ലഭിക്കുമ്പോഴും തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കാനോ മാലിന്യ സംസ്കരണം നടപ്പാക്കാനോ വനം വകുപ്പ് അധികൃതർ തയാറാകുന്നില്ലന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി പറഞ്ഞു.
കോന്നി കാരിയാട്ടം ഫെസ്റ്റിൽ കോന്നി പഞ്ചായത്ത് അധികാരികളോട് ആലോചിക്കാതെയാണ് നടത്തിയതെന്നും പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്നും കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു യോഗത്തെ അറിയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. എൽ.ആർ തഹൽസിദാർ സുദീപ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.