തലയെടുപ്പോടെ കോന്നിയിലെ തേക്കു തോട്ടം
text_fieldsകോന്നി: കോന്നി വനം ഡിവിഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് മാനം മുട്ടെ വളർന്നു നിൽക്കുന്ന തേക്കുമരങ്ങൾ. കോന്നി വനം ഡിവിഷനിലെ 8300 ഹെക്ടറോളം വിസ്തൃതിയുള്ള തേക്കുതോട്ടങ്ങൾ കോന്നിയുടെ വന വിസ്തൃതിയുടെ 25 ശതമാനത്തോളം വരും. 1867 ൽ കോന്നിയിലെ ആദ്യത്തെ തേക്ക്തോട്ടം അരുവാപ്പുലത്താണ് നിർമിച്ചത്. കോന്നി കല്ലേലി റോഡിലെ ഇരുവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അന്ന് ഒരേക്കറിൽ 124 തൈകൾ എന്ന നിലയിലാണ് തേക്ക് തൈകൾ നട്ടിരുന്നത്.
നിലവിൽ തേക്കുതോട്ടങ്ങളിൽ തേക്ക് സ്റ്റമ്പുകളോ റൂട്ട് ട്രെയിനറുകളോ നടുന്നത് ഹെക്ടറിൽ 2500 തൈകൾ എന്ന കണക്കിൽ ആണ്. കല്ലേലിയിൽ നിലവിൽ ഉള്ള തോട്ടം 1943 ൽ തൊലി വെട്ടി ഉണക്കി 1946 ൽ അന്തിമ വെട്ട് നടത്തി വീണ്ടും തൈ നട്ടിരുന്നു.
അച്ചൻകോവിലാറിന്റെ ഇരുകരകളിലുമായി കോന്നിയിൽ നിന്ന് എട്ട് കിലോമീറ്റർ കിഴക്കുമാറിയുള്ള കുമ്മണ്ണൂർ മുതൽ അച്ചൻകോവിലിനടുത്ത് വരെയാണ് തേക്കുതോട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ആറിന്റെ വലതുകരയിൽ കൊക്കാത്തോട്, പറയൻതോട്, കരിപ്പാൻതോട്, ചേമ്പാലതോട് എന്നീ സീരിസിൽ ഉള്ള തോട്ടങ്ങളും ഇടതുകരയിൽ ചിറ്റാർ, തൊറ , മണ്ണാറപ്പാറ, കടിയാർ സീരിസിൽ ഉള്ള തോട്ടങ്ങളും ആണുള്ളത്.
നടുവത്തുമൂഴി തോടിന്റെ താഴ്വാരത്ത് നിന്ന് അച്ചൻകോവിലാറിന് ലംബമായി മുണ്ടോൻമൂഴി വരെ നീളുന്ന തോട്ടങ്ങളുടെ മറ്റൊരു സീരിസ് പമ്പ, കല്ലാർ നദികളുടെ ഇടതുകരയിൽ അവസാനിക്കുന്നു. ഈ നദികളുടെ ഇടതുകരയിൽ കിഴക്ക് കൊപ്പം മുതൽ പടിഞ്ഞാറ് ഉടുമ്പന്നൂർ വരെയും തേക്ക് തോട്ടങ്ങൾ ഉണ്ട്.
ടോങ്കിയ സമ്പ്രദായത്തിൽ ആണ് ഈ തേക്കുതോട്ടങ്ങൾ നിർമിച്ചത്. 1921 ൽ അന്നത്തെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയ എം വേലുപ്പിള്ളയാണ് കോന്നിയിലെ തേക്കുതോട്ടങ്ങൾ ടോങ്കിയ സമ്പ്രദായത്തിൽ നിർമിച്ചത്.
ആദ്യഘട്ടത്തിൽ ഇത് പരാജയമായിരുന്നുവെങ്കിലും 1922 ൽ കടിയാർ ഭാഗത്തും ചെങ്ങറ ഭാഗത്തും നടപ്പാക്കിയ രീതി വിജയിച്ചിരുന്നു.1980 ലെ വന സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ടോങ്കിയ സമ്പ്രദായത്തിൽ ഏറെ തോട്ടങ്ങൾ നട്ടുപിടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.