നാടിനെ നടുക്കി കൊന്നപ്പാറയിലെ അപകടം
text_fieldsകോന്നി: ചൊവ്വാഴ്ച രാവിലെ ഏഴോടെ നടന്ന അപകടം കൊന്നപ്പാറ പ്രദേശത്തെ നടുക്കി. പയ്യനാമണിൽനിന്ന് പാറപ്പൊടി കയറ്റി വന്ന ടിപ്പർ ലോറിയാണ് കോന്നി തണ്ണിത്തോട് റൂട്ടിൽ സഞ്ചരിച്ച സ്വകാര്യ ബസിൽ ഇടിച്ചത്. ഡ്രൈവർക്ക് ഹൃദയാഘാതം വന്നതിനെ തുടർന്നാണ് ടിപ്പർ അപകടത്തിൽപെട്ടതെന്ന് പറയപ്പെടുന്നു.
അപകടത്തിൽ ലോറി ഡ്രൈവർ മാമ്പറയിൽ വീട്ടിൽ എം.എസ്. മധു തൽക്ഷണം മരിച്ചു. നിരവധി ബസ് യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഇതുവഴി വന്ന സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചത്. അപകടത്തെ തുടർന്ന് കോന്നി തണ്ണിത്തോട് റോഡിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു.
കോന്നി പൊലീസും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് കോന്നി അഗ്നിരക്ഷാസേന പുറത്തെടുത്തത്. ലോറി വളരെ ദൂരെനിന്നുതന്നെ നിയന്ത്രണംവിട്ട് വരുകയായിരുന്നു എന്ന് മറ്റ് വാഹന യാത്രക്കാരും പറയുന്നു. ചെറിയ അപകടങ്ങൾ ഈ റോഡിൽ നടന്നിട്ടുണ്ടെങ്കിലും ഇത്രയും ദാരുണമായ അപകടം ഓർമയിൽ ആദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.