കുട്ടിക്കൊമ്പൻ മണി മണികണ്ഠന്റെ കുറുമ്പിൽ ഉണർന്ന് കോന്നി ആനത്താവളം
text_fieldsകോന്നി: ആനക്കുട്ടികളുടെ അസാന്നിധ്യവും പ്രധാന ആകർഷണമായിരുന്ന കോന്നി സുരേന്ദ്രനെ കുംകി പരിശീലനത്തിന് കൊണ്ടുപോയതിനാലും മൂകമായിരുന്ന കോന്നി ആനത്താവളം കുട്ടിക്കൊമ്പൻ മണികണ്ഠന്റെ വരവോടെ ഉത്സവലഹരിയിൽ. 10 വർഷത്തിനുശേഷം ലഭിക്കുന്ന രണ്ടു മാസമുള്ള കുട്ടിക്കൊമ്പൻ എന്ന പ്രത്യേകതയും മണികണ്ഠനുണ്ട്. ബുധനാഴ്ച പുലർച്ച ആറോടെയാണ് മണികണ്ഠനെ കോന്നി ആനത്താവളത്തിൽ എത്തിക്കുന്നത്.
നിലമ്പൂരിലെ ഫോറസ്റ്റ് വാച്ചർമാരായ രാജനും സുബ്രഹ്മണ്യനും ആനക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. വാച്ചർമാരിൽ രാജനോടാണ് മണികണ്ഠന് കൂടുതൽ ഇഷ്ടം. കോന്നി ആനത്താവളത്തിലെ പാപ്പാൻ ഷംസുവിനൊപ്പം കൊച്ചുകുഞ്ഞിനെപ്പോലെ മണികണ്ഠൻ കുറുമ്പുകാട്ടിയതും സന്ദർശകരിൽ കൗതുകമുണർത്തി.
നിലമ്പൂരിൽനിന്ന് മണിക്കൂറുകളോളം യാത്ര ചെയ്തതിനാലാവാം നല്ല വിശപ്പുണ്ടായിരുന്നു കുട്ടിക്കൊമ്പന്. ലാക്ടോജിൻ അടങ്ങിയ പോഷകസമൃദ്ധമായ പാൽ മതിവരുവോളം പാപ്പാന്മാർ നൽകി. ഇടക്ക് കുസൃതികാട്ടിയ കുട്ടിക്കൊമ്പൻ കമ്പകത്തടിയിൽ തീർത്ത ആനക്കൂടിെൻറ അഴികൾക്കിടയിലൂടെ പുറത്തുചാടാനും ശ്രമം നടത്തി.
ആനത്താവളത്തിൽ എത്തിയ കുഞ്ഞ് അതിഥിയെ കാണാൻ സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ആനക്കുട്ടിക്ക് ഉറങ്ങാൻ കഴിയാതെ വന്നതിനാൽ മണികണ്ഠനെ അധികൃതർ ഉച്ചയോടെ പ്രത്യേക മുറിയിലേക്ക് മാറ്റി. ശൈശവത്തിൽ തന്നെ അമ്മയെ വിട്ടുപിരിഞ്ഞ മണികണ്ഠൻ ഇനി കോന്നിയുടെ മണ്ണിൽ തലയെടുപ്പോടെ വളരും.
കോന്നി ആനത്താവളത്തിലെ പ്രധാന ആകർഷണമായിരുന്ന സുരേന്ദ്രനെ കുംകി പരിശീലനത്തിനായി കൊണ്ടുപോയതിനുശേഷം വന്ന ആനക്കുട്ടി എന്ന നിലയിൽ ജൂനിയർ സുരേന്ദ്രനായി മണികണ്ഠൻ വളരുമെന്നും കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.