വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയാൾ മരിച്ച സംഭവത്തിൽ; അസ്വാഭാവികതയെന്ന് ബന്ധുക്കൾ
text_fieldsകോന്നി: മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തിൽ വനപാലകർ ചോദ്യം ചെയ്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് പൂച്ചക്കുളം മേനംപ്ലാക്കൽ രാധാകൃഷ്ണനെ (62) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂച്ചക്കുളത്ത് മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ പ്രദേശവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും രാധാകൃഷ്ണനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വനപാലകർ ഇയാളെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം വനത്തിലേക്ക് കൊണ്ടുപോയി മണിക്കൂറുകൾക്ക് ശേഷം തിരികെ അയക്കുകയും ചെയ്തു. എന്നാൽ, തിരികെ വന്ന ശേഷം ഇയാൾ വളരെ ദുഃഖിതനായിരുന്നുവെന്നും ആരോടും ഒന്നും സംസാരിച്ചിരുന്നില്ലെന്നും ഭാര്യാസഹോദരി കൗസല്യയും മക്കളായ ദീപയും ദീപ്തിയും പറയുന്നു.
ഇതിന് ശേഷമാണ് രാധാകൃഷ്ണനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മരിച്ച ശേഷം തനിച്ചായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം രാത്രിയും പകലുമായി വനപാലകർ പ്രദേശത്തെ വീടുകളിൽ ചോദ്യം ചെയ്യൽ എന്ന പേരിൽ കയറി ഇറങ്ങുകയും ആളുകളെ ഭയപ്പെടുത്തുകയാണെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, സംഭവത്തിൽ പ്രധാന പ്രതിയായ അനിൽകുമാർ ഇപ്പോഴും ഒളിവിലാണ്. ബന്ധപ്പെട്ട പ്രതികളെ പിടികൂടാതെ നിരപരാധികളെ ക്രൂശിക്കുന്ന നടപടിയാണ് വനപാലകർ ചെയ്യുന്നത് എന്നും ബന്ധുക്കൾ പറയുന്നു. യഥാർഥ പ്രതികളെ പിടികൂടണമെന്നും രാധാകൃഷ്ണന്റെ കുടുംബത്തിന് നീതി കിട്ടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം സമര പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
‘രാധാകൃഷ്ണന്റെ മരണത്തിന് ഉത്തരവാദി വനം വകുപ്പ്’
പത്തനംതിട്ട: തേക്കുതോട് പൂച്ചക്കുളത്ത് രാധാകൃഷ്ണൻ തൂങ്ങി മരിക്കാനിടയായത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ വിക്ടർ ടി. തോമസ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ മലയോര മേഖലയിലെ താമസിക്കുന്നവരെ കുടിയിറക്കുകയെന്ന ലക്ഷ്യത്തോടെ പീഡനങ്ങൾ തുടരുകയാണ്. മൂന്നുവർഷം മുമ്പ് ചിറ്റാറിൽ പി.പി. മത്തായി എന്ന യുവകർഷകനും സമാനസാഹചര്യത്തിൽ വനം വകുപ്പുകാരുടെ പീഡനംമൂലമാണ് മരിച്ചത്. ഒരു ആനുകൂല്യവും മത്തായിയുടെ കുടുംബത്തിന് നൽകാതെ വനം വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. വനമേഖലയിലെ മ്ലാവ് വേട്ടയുടെ പേരിൽ നിരപരാധിയായ രാധാകൃഷ്ണനെ അകാരണമായി ചോദ്യം ചെയ്തു പീഡിപ്പിക്കുകയും കുറ്റാരോപിതാനാക്കുകയും ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും വിക്ടർ ടി. തോമസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.