ഗവർണറുടെ താഴെയല്ല മുഖ്യമന്ത്രി -ടി.പി. രാമകൃഷ്ണൻ എം.എൽ.എ
text_fieldsകോന്നി: ഗവർണറുടെ താഴെയല്ല നിയമസഭയെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സി.ഐ.ടി.യു ജില്ല സമ്മേളന സമാപന ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.പി.
ഭരണ-പ്രതിപക്ഷം ചർച്ച ചെയ്ത് നിയമനിർമാണം നടത്തി രൂപവത്കരിക്കുന്ന നയങ്ങൾക്ക് അംഗീകാരം നൽകുകയാണ് ഗവർണറുടെ ചുമതല. ഗവർണർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനനം പരിശോധിക്കുന്നത് ഏത് ഭരണഘടന പ്രകാരമാണ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന നിലപാട് ഗവർണർ സ്വീകരിച്ചാൽ അത് ജനം അംഗീകരിക്കില്ല. തൊഴിലാളി വർഗം അതിനെതിരെ പോരാടേണ്ടി വന്നാൽ അതിന്റെ ഉത്തരവാദിത്തം ഗവർണർക്കാണ് -ടി. പി പറഞ്ഞു.
സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. മന്ത്രി വീണ ജോർജ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ജയമോഹൻ, പി.ജെ. അജയകുമാർ, കെ.സി. രാജഗോപാലൻ, ജില്ല ട്രഷറർ അഡ്വ. ആർ. സനൽകുമാർ, സതി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.ബി. ഹർഷകുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ നന്ദിയും പറഞ്ഞു. രണ്ടു ദിവസമായി കോന്നി ചന്ത മൈതാനിയിൽ നടന്ന സമ്മേളന സമാപന ഭാഗമായി പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.