കണ്ണീർക്കടലായി നാട്; പ്രിയപ്പെട്ടവർക്ക് വിട
text_fieldsവാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവർ
കോന്നി: പൂങ്കാവും പരിസര ദേശങ്ങളിലും ഇന്നലെ അക്ഷരാർഥത്തിൽ കണ്ണീർക്കടലായിരുന്നു. കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി.
രാവിലെ ആറോടെ മല്ലശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), മകൻ നിഖിൽ ഈപ്പൻ (29), നിഖിലിന്റെ ഭാര്യ അനു ബിജു (26), അനുവിന്റെ പിതാവ് പുത്തൻകിഴക്കേതിൽ വീട്ടിൽ ബിജു പി. ജോർജ് (58) എന്നിവരുടെ ഭൗതിക ശരീരങ്ങൾ മല്ലശേരിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിലെ പ്രാർഥനകൾക്ക് ശേഷം 7.45 ഓടെ പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലേക്ക് മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര പുറപ്പെട്ടു.
രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ പള്ളിയിൽ നടന്ന പൊതു ദർശനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി ആളുകൾ ആണ് പങ്കെടുത്തത്. മന്ത്രി വീണ ജോർജ്, അഡ്വ കെ. യു.ജനീഷ് കുമാർ എം.എൽ.എ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, മുൻ എം.എൽ.എ രാജു എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, സി.പി.എം ജില്ല സെക്രട്ടറി കെ.പി.ഉദയഭാനു, കേരള കോൺഗ്രസ് (ജെ) വൈസ് ചെയർമാൻ ഡി. കെ. ജോൺ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ് തുടങ്ങി നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ ഇരു കുടുംബങ്ങളുടെയും കുടുംബ കല്ലറകളിൽ ആണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്. മത പുരോഹിതർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
മണിക്കൂറുകൾ നീണ്ട പൊതു ദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഞായറാഴ്ച പുലർച്ച നാലിനാണ് അപകടം നടന്നത്. രണ്ടാഴ്ച മുമ്പ് വിവാഹിതരായ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ മുറിഞ്ഞകൽ എസ്.എൻ.ഡി.പി ജംഗ്ഷനിൽ വെച്ച് കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.