സൈനികന്റെ മടങ്ങിവരവ് കാത്ത് കണ്ണീരോടെ കുടുംബം
text_fieldsകോന്നി: 20 വർഷം മുമ്പ് പട്ടാളത്തിൽനിന്ന് കാണാതായ മകന്റെ മടങ്ങിവരവിനായി പ്രാർഥനയോടെ കഴിയുകയാണ് മാതാപിതാക്കളായ മ്ലാന്തടം വാകവേലിൽ സോമനും ഓമനയും. മൂത്തമകൻ സന്ദീപിനെയാണ് 20 വർഷങ്ങൾക്ക് മുമ്പ് കാണാതായത്. ബംഗളൂരു എം.എസ് നഗറിലെ പട്ടാള ക്യാമ്പിൽ മിലിട്ടറി സർവേയറായി ജോലി നോക്കുകയായിരുന്നു സന്ദീപ്. 2003 മേയ് നാലിനാണ് സന്ദീപ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്.
പട്ടാളത്തിൽ പോയതിനുശേഷം രണ്ടുതവണ അവധിക്ക് നാട്ടിൽ വരുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ സോമൻ ബംഗളൂരുവിലെ പട്ടാള ക്യാമ്പിൽ അന്വേഷിച്ച് ചെന്നെങ്കിലും സന്ദീപ് ഇവിടെ നിന്നും ഓടിപ്പോയെന്ന മറുപടി മാത്രമാണ് ഇവർ പറഞ്ഞത്.
കേന്ദ്ര മന്ത്രിമാർക്കും പട്ടാള മേധാവികൾക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ആ സമയം കോന്നി പൊലീസ് ഒരു തവണ വീട്ടിലെത്തി അന്വേഷിച്ചതായും മാതാപിതാക്കൾ പറയുന്നു. കാണാതാകുമ്പോൾ 22 വയസ്സുണ്ടായിരുന്നു. സന്ദീപിന്റെ അനുജൻ സജീവ് രോഗിയാണ്. ആശ്രയമായിരുന്ന മകനെ കുറിച്ചും വിവരം ലഭിക്കാതെ വന്നതോടെ കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. സന്ദീപ് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ജീവിതം തള്ളിനീക്കുകയാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.