റോഡ് നിർമിക്കാൻ വീടിന്റെ അടിത്തറയും മാന്തുന്നു; ശിൽപിയും കുടുംബവും ദുരന്തമുഖത്ത്
text_fieldsകോന്നി: പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വീടിന് ഭീഷണിയായ രീതിയിൽ മണ്ണ് എടുത്ത് മാറ്റിയതായി പരാതി. സംഭവത്തിൽ കുടുംബം ജില്ല കലക്ടർക്ക് പരാതി നൽകി. പ്രമാടം വില്ലേജ് അഞ്ചാം വാർഡ് ഇളകൊള്ളൂർ ശ്രീനാരായണ സദനത്തിൽ ശിൽപിയായ രാജഗോപാലും കുടുംബവുമാണ് കലക്ടർക്ക് പരാതി നൽകിയത്.
റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആകെയുണ്ടായിരുന്ന നാല് സെന്റ് വസ്തുവിൽ രണ്ട് സെന്റ് വിട്ടു നൽകിയിരുന്നു. നിർമാണത്തിന്റെ ആദ്യ സമയത്ത് വീടിന് ആകെയുണ്ടായിരുന്ന മുൻഭാഗത്തെ കോൺക്രീറ്റ് തൂൺ ഇളക്കി മാറ്റാതെ വീട് സംരക്ഷിച്ചാണ് റോഡ് നിർമാണം നടന്നിരുന്നത്. എന്നാൽ, പിന്നീട് റോഡ് നിർമാണത്തിന്റെ ഭാഗമായി പന്ത്രണ്ട് അടിയോളം വീടിന് മുന്നിൽനിന്ന് മണ്ണെടുത്ത് മാറ്റിയിരുന്നു.
ഇതോടെ വീട് കൂടുതൽ അപകട ഭീഷണിയിൽ ആയിരിക്കുകയാണ്. മാത്രമല്ല വീട്ടിലേക്ക് കടക്കാൻ ഇപ്പോൾ വഴിയുമില്ല. വീടിന് മുൻ ഭാഗത്തെ പാറ ഇളക്കി മാറ്റിയതും വീടിന്റെ ബലക്ഷയം വർധിപ്പിച്ചിട്ടുണ്ട്. വീടിനോട് ചേർന്ന ഭാഗത്തെ മണ്ണ് എടുത്ത് മാറ്റിയതിനാൽ വീടിന്റെ തൂണുകളും അപകടാവസ്ഥയിലാണ്.
ഇത് വീട് തകർന്ന് വീഴുന്നതിന് കാരണമാകുമെന്നും വീട്ടുകാർ പരാതിയിൽ പറയുന്നു. 55 വർഷമായി ശില്പ നിർമാണ രംഗത്തുള്ള രാജഗോപാലും കുടുംബവും 31 വർഷമായി ഇവിടെ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.