കോന്നിയിലെ മഴമാപിനിക്ക് വയസ്സ് 50 കഴിഞ്ഞു
text_fieldsകോന്നി: ഇന്നലെ, ഇന്ന്, നാളെ, പിന്നെ ഒരുമാസം പെയ്ത മഴയുടെ അളവ് അറിയണോ കോന്നിയിലേക്ക് വന്നാൽ മതി. കോന്നിയുടെ ചുറ്റുവട്ടത്തെ മഴയുടെ അളവ് രേഖപ്പെടുത്തുന്ന മഴമാപിനി സ്ഥാപിച്ചിട്ട് 50 വർഷം കഴിയുന്നു. കോന്നി ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയിലാണ് കോന്നിയിൽ പെയ്ത മഴയുടെ അളവ് കൃത്യമായി അറിയുവാൻ സാധിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട കോന്നി ഫോറസ്റ്റ് ഐ.ബിയിലുള്ള മഴമാപിനിക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഐ.ബിയുടെ മുറ്റത്ത് പ്രത്യേകം നിർമിച്ചിരിക്കുന്ന തറയിലാണ് മഴമാപിനിയുള്ളത്. ഇത് കൃത്യമായി അളക്കാനായി വനംവകുപ്പ് ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. രാവിലെ എട്ടരക്കും ഒമ്പതരക്കും ഇടയിൽ ശേഖരിക്കുന്ന കോന്നിയിലെ മഴയുടെ അളവ് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ അറിയിക്കും.
ഈ തരത്തിലാണ് കോന്നിയിൽ എത്ര മഴ ലഭിച്ചു എന്ന് കൃത്യമായി പുറംലോകം അറിയുന്നത്. ഒരു നിശ്ചിത വായ്വട്ടമുള്ള ചോർപ്പും അതിനടിയിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽപാത്രവുമാണ് മാപിനിയുടെ പ്രധാന ഭാഗങ്ങൾ. കുഴൽപാത്രത്തിന്റെ ഒരുവശത്ത് താഴെനിന്ന് മുകളിലേക്കുള്ള ഉയരം മില്ലി മീറ്ററിൽ രേഖപ്പെടുത്തിയിരിക്കും.
മാപിനിയുടെ ചോർപ്പിന്റെ പത്തിലൊന്ന് വായ്വട്ടമായിരിക്കും കുഴൽപാത്രത്തിന്റെ വ്യാസം. ചെറിയ മഴപോലും അളക്കുന്നതിനായാണ് ഈ ഘടനയിൽ ഇത് നിർമിച്ചിരിക്കുന്നത്. ചോർപ്പിന്റെയും കുഴലിന്റെയും വ്യാസവ്യത്യാസം മൂലം ചോർപ്പിൽ വീഴുന്ന ഒരുമില്ലിമീറ്റർ മഴവെള്ളം കുഴൽ പാത്രത്തിൽ വീഴുമ്പോൾ അതിന്റെ ഉയരം 10 സെന്റീമീറ്റർ ആയി വർധിക്കും.
മഴ അളക്കുന്നതിലെ പിഴവ് കുറക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്. കൂടുതൽ മഴപെയ്താൽ ഇത് അളക്കുവാൻ മഴ മാപിനിയിൽ പുറംകുഴൽ സംവിധാനവുമുണ്ട്. കൂടുതൽ മഴപെയ്താൽ കുഴലിലെ വെള്ളം മുകളറ്റത്തെ ദ്വാരംവഴി പുറത്തെ കുഴലിൽ ശേഖരിക്കപ്പെടുന്നു. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം മഴക്കുശേഷം ചെറിയ കുഴലുകൾ വഴി അളന്ന് തിട്ടപെടുത്തുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.