പനി ബാധിതർ ഓടടാ ഓട്ടം.... കോന്നി മെഡിക്കൽ കോളജിൽ പനിക്കും ചികിത്സയില്ല
text_fieldsകോന്നി: മലയോര മേഖലയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും 300 കിടക്കകളുള്ള കോന്നി മെഡിക്കൽ കോളജിൽ ആരെയും കിടത്തി ചികിത്സിക്കുന്നില്ല. ഇവിടെ കാര്യമായ പരിശോധനകൾ നടത്താതെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞ് വിടുന്നത് നിത്യ സംഭവമാവുകയാണ്.
ഇതോടെ, കോന്നിക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയെ ആണ് സമീപിക്കുന്നത്. ഇവിടെ ആണെങ്കിൽ മിക്ക വാർഡുകളും വിവിധ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു കിടക്കയിൽ തന്നെ രണ്ട് രോഗികൾ വരെ കഴിയുന്നുണ്ട്.
കോന്നി മെഡിക്കൽ കോളജിൽ കോവിഡ് കാലം മുതൽ കോവിഡ്, ഡെങ്കിപ്പനി ബാധിതർ എത്തിയാൽ കിടത്തി ചികിൽസിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു എങ്കിലും നാളിതുവരെ ഇതൊന്നും പ്രയോജനപ്പെടുന്നില്ല. ഈ വിഷയത്തിൽ രോഗികളുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കോന്നി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗം, കിടത്തിച്ചികിത്സ വിഭാഗം, ഐ.പി വിഭാഗം, ഒ.പി വിഭാഗം എന്നിവ വിവിധ ഘട്ടങ്ങളിൽ ഉദ്ഘാടനം ചെയ്തെങ്കിലും കാര്യമായി പ്രവർത്തിക്കുന്നത് രാവിലെ മുതൽ ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിക്കുന്ന ഒ.പി മാത്രമാണ്.
ഒ.പി പ്രവർത്തനം കഴിഞ്ഞാൽ കോന്നി മെഡിക്കൽ കോളജിൽ പിന്നീട് ആരും തന്നെ ഇല്ലാത്ത സ്ഥിതിയാണ്. നാൾക്കുനാൾ ഡെങ്കിയും മറ്റ് പനികളും വ്യാപകമാകുമ്പോഴും ഇവിടെ പനി പിടിച്ച് വിറച്ച് എത്തുന്ന രോഗികളെ കിടത്തി ചികിൽസിച്ച് രോഗം ഭേദമാക്കാൻ ആരും തയാറാകുന്നില്ല. ശരീരം തളർന്ന് എത്തുന്നവരെ എത്രയുംവേഗം കോട്ടയം മെഡിക്കൽ കോളജിലേക്ക് തള്ളി വിടാനാണ് മെഡിക്കൽ കോളജ് ആരോഗ്യ പ്രവർത്തകർ ജാഗ്രത കാണിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മികച്ച ചികിത്സ ലഭിക്കുമെന്നെ പ്രതീക്ഷയിൽ വാഹനം പിടിച്ച് എത്തുന്നവർ നിരാശയോടെ ആണ് മടങ്ങുന്നത്. എല്ലാവിധ ആധുനിക മെഷീൻ സംവിധാനങ്ങളും വൻ വില കൊടുത്ത് വാങ്ങി വെച്ചിട്ടുണ്ടെങ്കിലും ഇതൊന്നും യാതൊരു പ്രയോജനവും ചെയ്യുന്നില്ല. കോന്നി മെഡിക്കൽ കോളജിൽ പരിമിതമായ സൗകര്യങ്ങളോട് കൂടിയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത് എന്നും പ്രസവ ചികിത്സ, ഹൃദയാഘാതം, ഗുരുതരമായ വിഷബാധ, പക്ഷാഘാതം, വെന്റിലേറ്റർ, ഐ.സി.യു സൗകര്യം വേണ്ടി വരുന്ന ചികിത്സകൾ എന്നിവ അത്യാഹിത വിഭാഗത്തിൽ ഇല്ലെന്നും കാണിച്ച് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.